India
“Wasnt the Supreme Court ordered to run the cases against Shah outside Gujarat? Wasnt Shah in jail for some time?”: Shiv Sena (UBT) MP Sanjay Raut supports NCP chief Sharad Pawar

അമിത് ഷാ, സഞ്ജയ് റാവത്ത്

India

'അമിത് ഷായ്ക്ക് ജയിലില്‍ കിടക്കേണ്ടി വന്നില്ലേ; കേസ് ഗുജറാത്തിനു പുറത്തേക്കു മാറ്റിയില്ലേ?'-പവാറിനെ പിന്തുണച്ച് സഞ്ജയ് റാവത്ത്

Web Desk
|
29 July 2024 12:38 PM GMT

സുപ്രിംകോടതി ഗുജറാത്തില്‍നിന്നു നാടുകടത്തിയയാളാണ് അമിത് ഷാ എന്നായിരുന്നു ശരത് പവാറിന്റെ വിമര്‍ശനം

മുംബൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ എന്‍.സി.പി തലവന്‍ ശരത് പവാര്‍ ഉയര്‍ത്തിയ വിമര്‍ശനം ഏറ്റുപിടിച്ച് ഉദ്ദവ് ശിവസേന നേതാവ്. അമിത് ഷായെ കുറിച്ചുള്ള പവാറിന്റെ പരാമര്‍ശം കൃത്യമാണെന്ന് ഉദ്ദവ് സേന എം.പി സഞ്ജയ് റാവത്ത് പറഞ്ഞു. മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമാണ് കേസുകളെല്ലാം പിന്‍വലിച്ചതെന്നും അദ്ദേഹം ആരോപിച്ചു.

ശരത് പവാറിന്റെ വിമര്‍ശനത്തിനെതിരെ കേന്ദ്രമന്ത്രി പിയൂഷ് ഗോയല്‍ രംഗത്തെത്തിയിരുന്നു. അമിത് ഷായ്‌ക്കെതിരായ എല്ലാ കേസുകളിലും അമിത് ഷായെ സുപ്രിംകോടതി കുറ്റവിമുക്തനാക്കിയിട്ടുണ്ടെന്നായിരുന്നു ഗോയലിന്റെ വിമര്‍ശനം. യു.പി.എ സര്‍ക്കാര്‍ കാലത്ത് ഷായ്‌ക്കെതിരെ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സുപ്രിംകോടതി പറഞ്ഞിരുന്നു. ആ ഗൂഢാലോചനയുടെ ഭാഗമാണ് പവാറുമെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

എന്നാല്‍, പവാറിന്റെ വിമര്‍ശനം കൃത്യമാണെന്ന് സഞ്ജയ് റാവത്ത് പ്രതികരിച്ചു. സുപ്രിംകോടതിയല്ലേ അമിത് ഷായ്‌ക്കെതിരായ കേസുകള്‍ ഗുജറാത്തിനു പുറത്തേക്കു മാറ്റിയതെന്ന് അദ്ദേഹം ചോദിച്ചു. കുറച്ചുകാലം അമിത് ഷായ്ക്കു ജയിലില്‍ കിടക്കേണ്ടിവന്നിരുന്നില്ലേ? മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷമാണ് അദ്ദേഹത്തിനെതിരായ എല്ലാ കേസുകളും റദ്ദാക്കിയതെന്നും റാവത്ത് ആരോപിച്ചു.

കഴിഞ്ഞയാഴ്ച പൂനെയില്‍ ബി.ജെ.പി റാലിയില്‍ അമിത് ഷാ നടത്തിയ പരാമര്‍ശമാണു പുതിയ വിവാദങ്ങള്‍ക്കു തിരികൊളുത്തിയത്. രാജ്യത്തെ എല്ലാ അഴിമതിക്കാരുടെയും തലവനാണ് ശരത് പവാര്‍ എന്നായിരുന്നു ബി.ജെ.പി നേതാവിന്റെ പരാമര്‍ശം. ഇതിനോട് പ്രതികരിച്ചാണ് ശരത് പവാര്‍ അമിത് ഷായെ കടന്നാക്രമിച്ചത്. സുപ്രിംകോടതി ഗുജറാത്തില്‍നിന്ന് നാടുകടത്തിയ ഒരാള്‍ രാജ്യത്ത് ആഭ്യന്തരം പോലൊരു വകുപ്പ് കൈകാര്യം ചെയ്യുന്നത് വിചിത്രകരമാണെന്ന് പവാര്‍ തിരിച്ചടിച്ചു. ഗുജറാത്ത് മന്ത്രിയായിരുന്നപ്പോള്‍ അധികാര ദുര്‍വിനിയോഗം നടത്തിയയാളാണ് ഷാ. അതിന് അദ്ദേഹത്തെ സംസ്ഥാനത്തുനിന്നു നാടുകടത്തുകയും ചെയ്തിരുന്നുവെന്നും പവാര്‍ വിമര്‍ശിച്ചു.

Summary: “Wasn't the Supreme Court ordered to run the cases against Shah outside Gujarat? Wasn't Shah in jail for some time?”: Shiv Sena (UBT) MP Sanjay Raut supports NCP chief Sharad Pawar

Similar Posts