അഴിമതി ആരോപണം; ബിജെപി നേതാവിനെതിരെ മാനനഷ്ടക്കേസ് നൽകി ശിവസേന എം.പി സഞ്ജയ് റാവത്ത്
|ബിജെപി നേതാവിന്റെ ആരോപണങ്ങൾ തന്റെ പ്രശസ്തിക്കും പ്രതിച്ഛായയ്ക്കും കോട്ടം വരുത്തുന്നതാണെന്ന് റാവത്ത് ഹരജിയിൽ പറയുന്നു.
മുംബൈ: അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് ബിജെപി നേതാവ് കിരിത് സോമയ്യയ്‌ക്കെതിരെ മാനനഷ്ടക്കേസ് നൽകി ശിവസേന (യു.ബി.ടി) എം.പി സഞ്ജയ് റാവത്ത്. സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ സോമയ്യ തനിക്കെതിരെ നിരവധി അഴിമതി ആരോപണങ്ങൾ ഉന്നയിച്ചതായി റാവത്ത് പറഞ്ഞു. മുളുന്ദ് മജിസ്‌ട്രേറ്റ് കോടതിയിലാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.
കിരിത് സോമയ്യയുടെ 2022 ഓഗസ്റ്റ് ഒമ്പത്, ഓഗസ്റ്റ് 24, ജനുവരി 22, ജൂൺ 13 തീയതികളിലെ സോഷ്യൽമീഡിയ പോസ്റ്റുകൾ തന്റെ പ്രതിച്ഛായയ്ക്ക് കളങ്കമുണ്ടാക്കാൻ ഉദ്ദേശിച്ചുള്ളതാണെന്ന് സഞ്ജയ് റാവത്ത് പറയുന്നു. 100 കോടി രൂപയുടെ കോവിഡ് സെന്റർ അഴിമതിയിൽ തനിക്ക് പങ്കുണ്ടെന്നാണ് സോമയ്യയുടെ ട്വീറ്റുകളിലൊന്നിൽ ആരോപിക്കുന്നതെന്ന് റാവത്ത് ഹരജിയിൽ ചൂണ്ടിക്കാട്ടി.
റാവത്ത് ജയിലിൽ കിടക്കണമെന്നും സോമയ്യ പറഞ്ഞിരുന്നു. അനാവശ്യവും ദുരുദ്ദേശ്യപരവുമായ ഇത്തരം പ്രസ്താവനകൾ വിവിധയിടങ്ങളിൽ പ്രസിദ്ധീകരിച്ചെന്നും ഇത് തന്റെ പ്രശസ്തിക്കും പ്രതിച്ഛായയ്ക്കും കോട്ടം വരുത്തുന്നതാണെന്നും റാവത്ത് ഹരജിയിൽ വിശദമാക്കി.
'ഒരു മുൻ എം.പി എന്ന നിലയിൽ എന്തും സംസാരിക്കുന്നതിന് മുമ്പ് രണ്ടു തവണ ചിന്തിക്കാൻ ബോംബെ ഹൈക്കോടതി സോമയ്യയോട് ആവശ്യപ്പെട്ടിരുന്നെന്നും എന്നാൽ, സോമയ്യ കോടതിയെ അനുസരിക്കുന്നില്ലെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്'- റാവത്തിന്റെ അഭിഭാഷകൻ സന്ദീപ് സിങ് വ്യക്തമാക്കി.
കോടതിയെ സമീപിക്കുന്നതിന് മുമ്പ്, 72 മണിക്കൂറിനുള്ളിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് സോമയ്യയ്ക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നതായും ഹരജിയിൽ പറയുന്നു. എന്നാൽ, ആവശ്യം സോമയ്യ അംഗീകരിച്ചില്ല. ഐപിസി 499, 500 വകുപ്പുകൾ പ്രകാരം സോമയ്യയ്‌ക്കെതിരെ നടപടിയെടുക്കണമെന്നാണ് ഹരജിയിലെ ആവശ്യം.