India
ആർക്കാണ് മുഖ്യമന്ത്രിയാകാൻ ഇഷ്ടമില്ലാത്തത്; അജിത് പവാറിന്റെ പരാമർശത്തിൽ ശിവസേന
India

ആർക്കാണ് മുഖ്യമന്ത്രിയാകാൻ ഇഷ്ടമില്ലാത്തത്; അജിത് പവാറിന്റെ പരാമർശത്തിൽ ശിവസേന

Web Desk
|
22 April 2023 12:32 PM GMT

ഏക്നാഥ് ഷിൻഡേയോട് പെട്ടിയും കിടക്കയും കെട്ടിപ്പൂട്ടി ഇറങ്ങാൻ ബി.ജെ.പി പറഞ്ഞുകഴിഞ്ഞെന്നും സഞ്ജയ് റാവത്ത് പ്രതികരിച്ചു

മുംബെെ: മഹാരാരാഷ്ട്രയിൽ മഹാവികാസ് അഘാഡി സഖ്യത്തിൽ അസ്വാരസ്യങ്ങൾ രൂക്ഷമാകുന്നതിനിടെ, മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട എൻ.സി.പി നേതാവ് അജിത് പവാറിന്റെ പ്രസ്താവനയോട് പ്രതികരിച്ച് ശിവസേന(ഉദ്ധവ് താക്കറെ വിഭാ​ഗം) വക്താവ് സഞ്ജയ് റാവത്ത്.

അജിത് പവാറിന് മുഖ്യമന്ത്രിയാകാനുള്ള എല്ലാ കഴിവും യോ​ഗ്യതയുമുണ്ടെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിനായി ശബ്ദമുയർത്താൻ അടുത്ത വർഷം വരെയൊന്നും കാത്തിരിക്കേണ്ട ആവശ്യം എൻ.സി.പിക്കില്ലെന്നായിരുന്നു പവാർ കഴിഞ്ഞ ​ദിവസം പറഞ്ഞത്.

അജിത് പവാറിന്റെ വാക്കുകൾ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേക്കും ബി.ജെ.പിക്കുമുള്ള വ്യക്തമായ മറുപടിയാണെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.‌

ബി.ജെ.പി ഏക്നാഥ് ഷിൻഡേയോട് പെട്ടിയും കിടക്കയും കെട്ടിപ്പൂട്ടി ഇറങ്ങാൻ പറഞ്ഞുകഴിഞ്ഞു. അതുകൊണ്ടാണ് ഷിൻഡേ ഇപ്പോൾ ഉൾവലിഞ്ഞിരിക്കുന്നത്. അജിത് പവാറിന് ബി.ജെ.പി മുഖ്യമന്ത്രി സ്ഥാനം വാ​ഗ്ദാനം ചെയ്തിരിക്കുകയാണെന്ന് പറയുന്നതും അതുകൊണ്ടാണ്.

"മുഖ്യമന്ത്രിയാകാൻ ആർക്കാണ് ഇഷ്ടമില്ലാത്തത്? അജിത് പവാർ തീർച്ചയായും മുഖ്യമന്ത്രിയാകാൻ യോ​ഗ്യതയുള്ള വ്യക്തിയാണ്. വളരെയേറെ വർഷങ്ങളായി രാഷ്ട്രീയരം​ഗത്ത് അദ്ദേഹമുണ്ട്. നിരവധി തവണ മന്ത്രിയുമായിട്ടുണ്ട്. ഏറ്റവും കൂടുതൽ കാലം ഉപ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന വ്യക്തിയും അജിത് പവാറാണ്," സഞ്ജയ് റാവത്ത് പറഞ്ഞു.

അജിത് പവാറിന് മുഖ്യമന്ത്രിയാകണമെന്ന് ആ​ഗ്രഹമുണ്ടെങ്കിൽ അതിന് തങ്ങൾ എല്ലാ ആശംസകളും നേരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം സകൽ ​ഗ്രൂപ്പ് പുറത്തുവിട്ട അഭിമുഖത്തിലായിരുന്നു അജിത് പവാർ മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് സംസാരിച്ചത്. 2024ലിന് കാത്തിരിക്കുകയൊന്നും വേണ്ട, മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ താൻ ഇപ്പോഴേ തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

"2004ൽ എൻ.സി.പിക്ക് കോൺ​ഗ്രസിനേക്കാൾ കൂടുതൽ സീറ്റുകളുണ്ടായിരുന്നു. മുഖ്യമന്ത്രി സ്ഥാനം എൻ.സി.പിക്കായിരുന്നു ലഭിക്കേണ്ടിയിരുന്നത്. പക്ഷെ ഉപമുഖ്യമന്ത്രി സ്ഥാനമാണ് ലഭിച്ചത്," അജിത് പവാർ പറഞ്ഞു.

അടുത്തിടെ, അദാനിക്കെതിരെയുള്ള റിപ്പോർട്ടുകൾ, മോദിയുടെ ഡി​ഗ്രി സർട്ടിഫിക്കറ്റ്, ഇ.വി.എം എന്നീ വിഷയങ്ങളിലെ എൻ.സി.പിയുടെ നിലപാട് വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ബി.ജെ.പി അനുകൂല നിലപാടാണ് ശരദ് പവാറും അജിത് പവാറും സ്വീകരിക്കുന്നതെന്നും എൻ.സി.പി ബി.ജെ.പിയിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണിതെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അജിത് പവാർ ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശക്തമായതിന് പിന്നാലെ മറുപടിയുമായി അദ്ദേഹം തന്നെ എത്തിയിരുന്നു. മരണം വരെ താൻ എൻ.സി.പിയിലെ പ്രവർത്തിക്കൂ എന്നായിരുന്നു അജിത് പവാർ പറഞ്ഞത്.

Similar Posts