India
സഞ്ജയ് റാവത്തിനെതിരായ ഇ.ഡി നടപടി; ഉദ്ധവ് താക്കറെയുടെ വിശ്വസ്തനെ പൂട്ടാനുള്ള നീക്കമെന്ന് ആരോപണം
India

സഞ്ജയ് റാവത്തിനെതിരായ ഇ.ഡി നടപടി; ഉദ്ധവ് താക്കറെയുടെ വിശ്വസ്തനെ പൂട്ടാനുള്ള നീക്കമെന്ന് ആരോപണം

Web Desk
|
2 Aug 2022 3:10 AM GMT

പാത്ര ചൗൾ ഭൂമി ഇടപാടിൽ സഞ്ജയ് റാവത്തിന് 1.06 കോടി രൂപ ലഭിച്ചുവെന്നാണ് ഇ.ഡി കോടതിയിൽ പറഞ്ഞത്. എന്നാൽ മഹാരാഷ്ട്രയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ നടക്കുന്ന രാഷ്ട്രീയ പകപോക്കലാണ് റാവത്തിനെതിരെ നടക്കുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അശോക് മുണ്ടാർഗി വാദിച്ചത്.

മുംബൈ: ശിവസേന എം.പി സഞ്ജയ് റാവത്തിനെതിരായ ഇ.ഡിയുടെ തിരക്കിട്ട നീക്കം ഉദ്ധവ് താക്കറെ പക്ഷത്തെ പ്രതിരോധത്തിലാക്കാനുള്ള നീക്കമെന്ന് ആരോപണം. വിഭാഗീയത നിലനിൽക്കുന്ന ശിവസേനയിൽ ഉദ്ധവ് താക്കറെയുടെ വിശ്വസ്തനമാണ് സഞ്ജയ് റാവത്ത്. ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമതരുമായി ഉദ്ധവിന് വേണ്ടി സമവായശ്രമങ്ങൾ നടത്തിയതും സഞ്ജയ് റാവത്ത് ആയിരുന്നു.

ആറു മണിക്കൂർ നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് സഞ്ജയ് റാവത്തിനെ ഇ.ഡി കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തിന്റെ വീട്ടിലും ഓഫീസിലുമായി ഒമ്പത് മണിക്കൂറോളമാണ് റെയ്ഡ് നടത്തിയത്. റാവത്തിന്റെ കുടുംബത്തെ സന്ദർശിച്ച ഉദ്ധവ് താക്കറെ ബിജെപി പ്രതികാര രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ചിരുന്നു.

സഞ്ജയ് റാവത്തിന്റെ വസതിയിൽനിന്ന് 11.5 ലക്ഷം രൂപ കണ്ടെടുത്തതായി ഇ.ഡി ഉദ്യോഗസ്ഥർ പറഞ്ഞു. അദ്ദേഹം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കള്ളപ്പണ ഇടപാട് നടത്തിയതിന്റെ കൃത്യമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നുമാണ് ഇ.ഡിയുടെ അവകാശവാദം.

പാത്ര ചൗൾ ഭൂമി ഇടപാടിൽ സഞ്ജയ് റാവത്തിന് 1.06 കോടി രൂപ ലഭിച്ചുവെന്നാണ് ഇ.ഡി കോടതിയിൽ പറഞ്ഞത്. എന്നാൽ മഹാരാഷ്ട്രയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ നടക്കുന്ന രാഷ്ട്രീയ പകപോക്കലാണ് റാവത്തിനെതിരെ നടക്കുന്നതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അശോക് മുണ്ടാർഗി വാദിച്ചത്. റിമാൻഡ് റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ ഊഹാപോഹങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

റാവത്തിനെ കോടതിയിൽ ഹാജരാക്കുന്നതിനിടെയാണ് ഉദ്ധവ് താക്കറെ റാവത്തിന്റെ കുടുംബത്തെ സന്ദർശിച്ചത്. ''സഞ്ജയ് റാവത്തിനെ ഓർത്ത് ഞാൻ അഭിമാനിക്കുന്നു. ഇത് ഞങ്ങളെ തകർക്കാനുള്ള ഗൂഢാലോചനയാണ്. ഞങ്ങൾക്കെതിരെ ആര് സംസാരിച്ചാലും അവരെ തുടച്ചുനീക്കണം എന്ന തരത്തിലുള്ള പകപോക്കൽ രാഷ്ട്രീയമാണ് നടക്കുന്നത്''- ഉദ്ധവ് പറഞ്ഞു.

സഞ്ജയ് റാവത്തിനെതിരായ ഇ.ഡി നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് ഉദ്ധവിന്റെ മകനും ശിവസേന നേതാവുമായ ആദിത്യ താക്കറെയും പറഞ്ഞു. അതേസമയം റാവത്തിന്റെ കേസ് കോടതിയിലുള്ള വിഷയമായതിനാൽ കൂടുതൽ പ്രതികരിക്കാനില്ലെന്ന് ബിജെപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

Similar Posts