'സന്ദോഖ് സിംഗ് ചൗധരി മരിച്ചത് ഡോക്ടർമാരുടെ അശ്രദ്ധമൂലം'; ആരോപണവുമായി മകൻ
|ഇന്നലെ ഭാരത് ജോഡോ യാത്രക്കിടെ കുഴഞ്ഞുവീണാണ് ജലന്ധറിലെ എം.പി മരിച്ചത്
ന്യൂഡൽഹി: ജലന്ധറിലെ കോൺഗ്രസ് എംപി സന്ദോഖ് സിംഗ് ചൗധരിയുടെ മരണത്തിൽ ഡോക്ടർമാർക്കെതിരെ ഗുരുതര ആരോപണവുമായി മകൻ വിക്രംജിത് ചൗധരി രംഗത്ത്. ഇന്നലെ ഭാരത് ജോഡോ യാത്രക്കിടെ കുഴഞ്ഞുവീണാണ് സന്ദോഖ് സിംഗ് ചൗധരി മരിച്ചത്.
കുഴഞ്ഞുവീണ ഉടനെ അദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. എന്നാൽ ആംബുലൻസിൽ വെച്ചും സന്ദോഖ് സിംഗ് ശ്വസിച്ചിരുന്നെന്നും ഫില്ലൗരിയിലെ എം.എൽ.എ കൂടിയായ വിക്രംജിത് ചൗധരി ആരോപിച്ചു. ആശുപത്രിയിൽ എത്തിയ ഉടൻ ഡോക്ടർമാർ ഇവരെ മാറ്റി നിർത്തി സ്വന്തം ചികിത്സ ആരംഭിച്ചു. അവർ ആകെ പരിഭ്രാന്തിയിലായിരുന്നെന്നും അവിടെ ആവശ്യത്തിനുള്ള ചികിത്സ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ലെന്നും മകൻ ആരോപിച്ചു. പിതാവിന് അടിയന്തര ഷോക്ക് ചികിത്സ നൽകിയില്ലെന്നും വിക്രംജിത് ചൗധരി പറഞ്ഞതായി ഇന്ത്യ ടുഡേ റിപ്പോര്ട്ട് ചെയ്തു.
അതേസമയം, ആംബുലൻസിൽ 5 സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുണ്ടായിരുന്നുവെന്ന് സർജൻ ഡോ. രാമൻ ശർമ്മ പറഞ്ഞു. സന്ദോഖ് സിംഗ് ചൗധരിക്ക് രണ്ടുതവണ ഷോക്ക് നൽകുകയും ചെയ്തു. ആംബുലൻസിൽ വിപുലമായ സൗകര്യമുണ്ടായിരുന്നതായും ആംബുലൻസിനുള്ളിലും സന്ദോഖ് സിംഗിനെ ഡോക്ടർമാർ ചികിത്സിക്കുന്നുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
സന്ദോഖ് സിംഗിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലൻസ് ഏറ്റവും മികച്ചതും സുസജ്ജവുമായ ഒന്നാണ് എന്നാണ് റിപ്പോർട്ട്. പഞ്ചാബിലെ ഭാരത് ജോഡോ യാത്രയ്ക്കിടെ രാഹുൽ ഗാന്ധിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ള സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെതാണ് ഇത്. പ്രധാനമന്ത്രി മോദിയുടെ പഞ്ചാബ് സന്ദർശന വേളയിലും ഇതേ ആംബുലൻസ് ഉണ്ടായിരുന്നു.
മരിക്കുന്നതിന് തൊട്ടുമുമ്പുള്ള സന്ദോഖ് സിംഗ് ചൗധരിയുടെ വീഡിയോയും പുറത്തുവന്നിരുന്നു. മറ്റ് കോൺഗ്രസ് നേതാക്കൾക്കൊപ്പം യാത്രയിൽ നടക്കുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. ഏകദേശം 300 മീറ്ററോളം നടന്ന ശേഷം രാവിലെ 8:25 ഓടെയാണ് കുഴഞ്ഞുവീണത്. ഉടനെ അദ്ദേഹത്തെ ആംബുലൻസിൽ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോയി. രാവിലെ 8:45 ഓടെയാണ് സന്ദോഖ് സിംഗ് മരിച്ചത്.