പാക് ജയിലിൽ കൊല്ലപ്പെട്ട സരബ്ജിത് സിങ്ങിന്റെ കൊലയാളി അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു
|ലാഹോറിലെ ജയിലിൽ വെച്ചാണ് സരബ്ജിത് ക്രൂരമർദനമേറ്റ് കൊല്ലപ്പെടുന്നത്
ന്യൂഡൽഹി: പാകിസ്താനിലെ ജയിലിൽ ക്രൂരമായ ആക്രമണത്തിന് വിധേയമായി കൊല്ലപ്പെട്ട ഇന്ത്യൻ പൗരൻ സരബ്ജിത് സിങ്ങിന്റെ കൊലയാളികളിൽ ഒരാളായ അമീർ സർഫറാസ് അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. ലാഹോറിലെ ഇസ്ലാംപുര പ്രദേശത്ത് വച്ച് ബൈക്കിലെത്തിയവരാണ് സർഫറാസിനെ വെടിവെച്ചതെന്നാണ് പൊലീസ് പറയുന്നത്.
ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലഷ്കറെ തയിബ സ്ഥാപകൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായിയാണ് അമീർ സർഫറാസ്.
49 കാരനായ സരബ്ജിത് ലാഹോറിലെ ജയിലിൽ വെച്ചാണ് ക്രൂരമർദനമേറ്റ് കൊല്ലപ്പെടുന്നത്. സഹതടവുകാരായ അമീർ സർഫറാസും കൂട്ടാളികളും ചേർന്ന് കല്ലും മൂർച്ചയേറിയ ആയുധങ്ങളുംകൊണ്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സരബ്ജിത് ഒരാഴ്ചയോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 2013 മെയ് രണ്ടിന് പുലർച്ചെ ലാഹോറിലെ ജിന്ന ആശുപത്രിയിൽ വെച്ച് മരിക്കുകയായിരുന്നു. സരബ്ജിതിനെ ആക്രമിച്ച കുറ്റവാളി സർഫറാസിനെ 2018 ഡിസംബറിലാണ് ലാഹോറിലെ കോടതി മോചിപ്പിച്ചത്.
1990 ൽ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ നടന്ന ബോംബ് ആക്രമണങ്ങളിൽ സരബ്ജിത് സിങ്ങിന് പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് വധശിക്ഷക്ക് വിധിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങൾ ഇന്ത്യ നിഷേധിച്ചിരുന്നു.