India
കുഞ്ഞുങ്ങൾ വിശന്നുകരയുന്നു: വിലക്കയറ്റത്തിനെതിരെയുള്ള മോദിയുടെ പഴയ വീഡിയോ കുത്തിപ്പൊക്കി തരൂർ
India

'കുഞ്ഞുങ്ങൾ വിശന്നുകരയുന്നു': വിലക്കയറ്റത്തിനെതിരെയുള്ള മോദിയുടെ പഴയ വീഡിയോ കുത്തിപ്പൊക്കി തരൂർ

Web Desk
|
7 April 2022 6:54 AM GMT

2013 ൽ യുപിഎ സ‍ർക്കാരിന്റെ കാലത്ത് വിലക്കയറ്റമുണ്ടായപ്പോള്‍ മോദി സംസാരിക്കുന്നതാണ് വീഡിയോ

ന്യൂഡല്‍ഹി: ഇന്ധനവല വര്‍ദ്ധനവിനെതിരെ രാജ്യമെമ്പാടും വലിയ പ്രതിഷേധമുയരുമ്പോള്‍ പ്രധാനമന്ത്രിയുടെ പഴയൊരു വീഡിയോ കുത്തിപ്പൊക്കി ശശി തരൂര്‍. ഇന്ധനവില വര്‍ധനവിനും വിലക്കയറ്റത്തിനുമെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. 2013 ൽ യുപിഎ സ‍ർക്കാരിന്റെ കാലത്ത് വിലക്കയറ്റമുണ്ടായപ്പോഴായിരുന്നു സംഭവം.

വോട്ട് ചെയ്യുമ്പോൾ പാചക വാതകത്തിന്റെ വിലയടക്കം ഓർമ്മിക്കണമെന്ന് പ്രസം​ഗത്തിൽ മോദി പറയുന്നുണ്ട്. 2013 ൽ മൻമോഹൻ സിം​ഗ് ആയിരുന്നു പ്രധാനമന്ത്രി, നരേന്ദ്രമോദി ​ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. വില വ‍ർദ്ധനവ് കാരണം പാവങ്ങളുടെ വീടുകൾ പട്ടിണിയിലാണെന്നും കുഞ്ഞുങ്ങൾ വിശന്നുകരയുകാണെന്നുമെല്ലാം മോദി ഓർമ്മിപ്പിക്കുന്നുണ്ട്. ഇത്രയൊക്കെ ആയിട്ടും രാജ്യം ഭരിക്കുന്നവ‍ർക്ക് ദരിദ്രരെ കുറിച്ച് ചിന്തയില്ലെന്നും മോദി പറയുന്നു.

വീഡിയോ ട്വിറ്ററിൽ പങ്കുവച്ച തരൂർ ഇതിനപ്പുറം തനിക്കൊന്നും കൂട്ടിച്ചേ‍ർക്കാനില്ലെന്നും വ്യക്തമാക്കുന്നു. അഞ്ചുസംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് പിന്നാലെ പെ​ട്രോ​ളി​ന് 10.88 രൂ​പ​യും ഡീ​സ​ലി​ന് 10.51 രൂ​പ​യുമാണ് രാജ്യത്ത് വ​ർ​ധി​പ്പിച്ചത്. ചെറിയ ഒ​രി​ട​വേ​ള​ക്കു​ശേ​ഷം മാ​ർ​ച്ച് 22 മു​ത​ലാ​ണ് വീ​ണ്ടും വില കൂട്ടിത്തുടങ്ങിയത്. പാചകവാതകത്തിന് 250 രൂപയും കഴിഞ്ഞ ദിവസം വർധിപ്പിച്ചിരുന്നു.

Related Tags :
Similar Posts