ഇടവേളയ്ക്ക് ശേഷം പുതിയ വാക്കുമായി ശശി തരൂര്; ഇത്തവണ ലക്ഷ്യം വച്ചത് മോദിയുടെ താടി
|എന്റെ സുഹൃത്തും എക്ണോമിസ്റ്റുമായ രതിന് റോയ് എന്നെ ഇന്ന് ഒരു പുതിയ വാക്ക് പഠിപ്പിച്ചു, പൊഗൊണോട്രോഫി
'ഫ്ളോക്സിനോസിനിഹിലിപിലിഫിക്കേഷൻ' അന്നൊരിക്കൽ ശശി തരൂർ ഇന്ത്യക്കാരുടെ മുഴുവൻ ചിന്തിപ്പിച്ച ഒരു വാക്കായിരുന്നു. ഇടയ്ക്കിടെ അത്തരത്തിലൊരു വാക്ക് ശശി തരൂർ സമൂഹമാധ്യമങ്ങളിൽ പ്രയോഗിക്കാറുണ്ടായിരുന്നു.
അടുത്തകാലത്തായി അങ്ങനെയുള്ള വാക്കുകളൊന്നും പ്രയോഗിച്ചിട്ടില്ലായിരുന്നു. ഇക്കാര്യം അറിയിച്ചുകൊണ്ട് ഡോ. പ്രിയ ആനന്ദ് തരൂരിന്റെ ട്വീറ്റിന് കമന്റ് ഇട്ടിരുന്നു. ' സർ താങ്കളുടെ പ്രസംഗത്തിന് പുറമേ പുതിയ വാക്കുകൾ പഠിക്കാൻ കൂടി കാത്തിരിക്കുകയാണ് ഞാൻ. ഇതുവരെ കേൾക്കാത്ത പദപ്രയോഗത്തിലൂടെ മനസിനെ പ്രീതിപ്പെടുത്തുന്നത് മഹത്തരമാണ്- പ്രിയ ട്വീറ്റ് ചെയ്തു.
പ്രിയയുടെ ട്വീറ്റിന് മറുപടിയുമായി ഉടൻ ശശി തരൂർ രംഗത്ത് വന്നു. കൂടെ പുതിയൊരു വാക്കും,' പൊഗൊണോട്രോഫി' ( Pogonotrophy ). പറയാൻ എളുപ്പമാണെങ്കിലും ഇത്തവണ വാക്കിനൊപ്പം മറ്റൊരു ചിന്ത കൂടി തരൂർ മുന്നോട്ട് വച്ചു. തന്റെ സുഹൃത്തായ രതിൻ റോയിയാണ് ഈ വാക്ക് പരിചയപ്പെടുത്തി തന്നതെന്ന് അദ്ദേഹം പറഞ്ഞു.
'എന്റെ സുഹൃത്തും എക്ണോമിസ്റ്റുമായ രതിന് റോയ് എന്നെ ഇന്ന് ഒരു പുതിയ വാക്ക് പഠിപ്പിച്ചു. പൊഗൊണോട്രോഫി. പൊഗൊണോട്രോഫി എന്നാൽ താടി വളർത്തൽ. പ്രധാനമന്ത്രിയെ സംബന്ധിച്ചിടത്തോളം പൊഗൊണോട്രോഫി എന്നത് മഹാമാരിയെ നേരിടാനുള്ള ഏകാഗ്രമായ മുഴുകലാണ്.' - തരൂർ ട്വീറ്റ് ചെയ്തു.
പുതിയ വാക്ക് പറയുന്നതിനോടൊപ്പം മോദിയുടെ കോവിഡ് പ്രതിരോധത്തിലെ വീഴ്ചയെ സരസമായി വിമർശിക്കുകയും ചെയ്തതോടെ ട്വീറ്റ് വൈറലായി.
My friend Rathin Roy, the economist, taught me a new word today: pogonotrophy, which means "the cultivation of a beard". As in, the PM's pogonotrophy has been a pandemic preoccupation... https://t.co/oytIvCKRJR
— Shashi Tharoor (@ShashiTharoor) July 1, 2021