ജയലളിതയുടെ ആഗ്രഹം നടപ്പാക്കും; ജയസ്മാരകത്തിൽ വിതുമ്പി ശശികല
|ചെന്നൈ മറീന ബീച്ചിലെ തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ സമാധിസ്ഥലത്ത് ശശികല സന്ദർശനം നടത്തി. തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെയെ തിരിച്ചുപിടിക്കുമെന്ന അധ്വാനവുമായി നൂറു കണക്കിന് അനുയായികളും അവരോടൊപ്പമുണ്ടായിരുന്നു. അനുയായികൾ നോക്കിനിൽക്കെ ജയ സ്മാരകത്തിന് മുന്നിൽ ശശികല വിതുമ്പി കരഞ്ഞു. വലിയ രാഷ്ട്രീയമാനമാണ് ജയലളിതയുടെ സഹായിയായിരുന്ന ശശികലയുടെ സന്ദർശനത്തിനുള്ളത്.
അണ്ണാ ഡി.എം.കെയുടെ കൊടിവെച്ച കാറിലാണ് ശശികല ജയ സ്മാരകത്തിലെത്തിയത്. അവിഹിത സ്വത്ത് സമ്പാദന കേസിൽ ബംഗളുരു ജയിലിൽനിന്ന് മോചിതയായതിനുശേഷം ഇതാദ്യമായാണ് ജയലളിതയുടെ സഹായിയായി വർത്തിച്ചിരുന്ന വി.കെ. ശശികല മറിന ബീച്ചിലെത്തിയത്. അണ്ണാ ഡിഎംകെയ്ക്ക് നല്ല കാലം ഉടനുണ്ടാവുമെന്നും ജയലളിതയുടെ ആഗ്രഹം നടപ്പാക്കുമെന്നും ശശികല പറഞ്ഞു.
നിയമസഭ- തദ്ദേശ തെരഞ്ഞെടുപ്പുകളിൽ പാർട്ടി പരാജയപ്പെട്ട നിലയിൽ പാർട്ടിയിൽ നിലവിലുള്ള ഇരട്ട നേതൃത്വം മാറണമെന്നും ശശികലയെ പാർട്ടി നേതൃസ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യവും ശക്തിപ്പെടുന്ന നിലയിലാണ് ജയലളിത സമാധിയിലെ സന്ദർശനം.നാലുവർഷക്കാലമായി മനസിലുണ്ടായിരുന്ന ഭാരം ഇറക്കിവെച്ചതായും സംഘടനയെ ഇപ്പോഴത്തെ അവസ്ഥയിൽനിന്ന് പുരട്ച്ചി തലൈവറും ജയലളിതയും രക്ഷിക്കുമെന്നും ശശികല മാധ്യമ പ്രവർത്തകരോട് പറഞ്ഞു.