റിലയൻസ് ബോർഡ് അംഗമായി സൗദി അരാംകോ മേധാവി യാസിർ റുമയ്യാൻ
|യാസിർ റുമയ്യാന്റെ സേവനം റിലയൻസിന്റെ അന്താരാഷ്ട്രവത്കരണത്തിന്റെ തുടക്കമെന്ന് മുകേഷ് അംബാനി
സൗദി അരാംകോ ചെയര്‍മാന്‍, റിലയന്‍സ് ഇന്‍ഡസ്ട്രീസ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാകും. റിലയന്‍സിന്റെ ഓഹരികൾ സൗദി അരാംകോ എറ്റെടുത്ത സാഹചര്യത്തിലാണ് തീരുമാനം. റിലയന്‍സ് ആഗോള സ്വഭാവത്തിലേക്ക് മാറുന്നതിന്റെ തുടക്കമാണ് തീരുമാനം എന്ന് മുകേഷ് അംബാനി പറഞ്ഞു.
റിലയന്‍സിന്റെ നല്‍പ്പത്തിനാലാമത് വാര്‍ഷിക യോഗത്തിലാണ് മേധാവി മുകേഷ് അംബാനി പ്രഖ്യാപനം നടത്തിയത്. സൗദി ദേശീയ എണ്ണ കമ്പനി ചെയര്‍മാനും പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ഗവര്‍ണറുമായ യാസിര്‍ അല്‍ റുമയ്യാന്‍ ആണ് കമ്പനിയുടെ ഡറയക്ടര്‍ ബോര്‍ഡില്‍ അംഗമാകുക. സ്വതന്ത്ര ഡയറക്ടറായാണ് ചുമതലയേല്‍ക്കുക.
ആഗോള തലത്തിലെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരാംകോയും റിലയന്‍സ് ഇന്‍ഡസ്ട്രിയലും തമ്മില്‍ 1500 കോടി ഡോളറിന്റെ ഇന്ധന കരാറാണ് നിലവിലുള്ളത്. കരാര്‍ പ്രകാരമുള്ള നടപടികള്‍ ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്നും അംബാനി പറഞ്ഞു.
ആഗോള ഊര്‍ജ, ധനകാര്യ സാങ്കേതിക വിദ്യാരംഗത്തുള്ള പ്രമുഖരില്‍ ഒരാളാണ് യാസിര്‍ അല്‍റുമയ്യാനെന്നും അദ്ദേഹത്തിന്റെ അനുഭവ സമ്പത്ത് റിലയന്‍സിന് മുതല്‍ക്കൂട്ടാകുമെന്നും മുകേഷ് അംബാനി പറഞ്ഞു. ഒപ്പം അദ്ദേഹത്തിന്റെ ഡയറക്ടര്‍ സ്ഥാനം കമ്പനിയുടെ അന്താരാഷ്ട്ര വല്‍ക്കരണത്തിന് തുടക്കമാണെന്നും അംബാനി കൂട്ടിചേര്‍ത്തു.
റിലയന്‍സിന്റെ ഓയില്‍ ടു കെമിക്കല്‍ വിഭാഗത്തിലാണ് അരാംകോ നിക്ഷേപം നടത്തിയിട്ടുള്ളത്. ഗുജറാത്തിലെ ജാം നഗറിലെ ഓയില്‍ റിഫൈനറിയാണ് ഇതില്‍ പ്രധാനപ്പെട്ടവ.