''സവര്‍ക്കര്‍ ആന്തമാന്‍ ജയിലിനെ ശ്രീകോവിലാക്കി; അദ്ദേഹത്തിന്റെ ദേശസ്‌നേഹം ചോദ്യം ചെയ്യുന്നത് വേദനാജനകം''- അമിത് ഷാ
|സവർക്കർക്ക് 'വീർ' എന്ന പേര് നൽകിയത് ഒരു സർക്കാരുമല്ല. അദ്ദേഹത്തിന്റെ ധീരതയും ദേശസ്‌നേഹവും അംഗീകരിച്ച് രാജ്യത്തെ 131 കോടി ജനങ്ങൾ നൽകിയ പേരാണത്-അമിത് ഷാ പറഞ്ഞു.
ആന്തമാൻ സെല്ലുലാർ ജയിലിനെ ശ്രീകോവിലാക്കിയയാളാണ് വീർ സവർക്കറെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. ആന്തമാൻ ജയിലിൽ നടത്തിയ സന്ദർശനത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സവര്‍ക്കറിന്‍റെ ദേശസ്‌നേഹത്തെ ചിലർ ചോദ്യം ചെയ്യുന്നത് വേദനയുണ്ടാക്കുന്നതാണെന്നും അമിത് ഷാ പറഞ്ഞു.
സവർക്കർക്ക് 'വീർ' എന്ന പേര് നൽകിയത് ഒരു സർക്കാരുമല്ല. അദ്ദേഹത്തിന്റെ ധീരതയും ദേശസ്‌നേഹവും അംഗീകരിച്ച് രാജ്യത്തെ 131 കോടി ജനങ്ങൾ നൽകിയ പേരാണത്. ചിലർ അദ്ദേഹത്തിന്റെ ജീവിതത്തെ ചോദ്യം ചെയ്യുന്നുണ്ട്. രണ്ടുതവണ ജീവപര്യന്തം തടവുശിക്ഷ ലഭിച്ച ഒരാളുടെ ദേശസ്‌നേഹത്തെ ചോദ്യം ചെയ്യുന്നതൊക്കെ വേദനാജനകമാണ്-അമിത് ഷാ പറഞ്ഞു.
#WATCH | No govt gave title of 'Veer' to Savarkar. 131 cr people added 'Veer' to his name to acknowledge his courage & patriotism. Some are questioning his life. Painful that you're questioning patriotism of a man sentenced to 2 life terms of imprisonment..: HM at Cellular Jail pic.twitter.com/jy5lkQ1SfW
— ANI (@ANI) October 15, 2021
സെല്ലുലാർ ജയിലിനെ ശ്രീകോവിലാക്കിയയാളാണ് സവർക്കർ. എത്രയൊക്കെ പീഡനങ്ങൾ നൽകിയാലും തന്റെ ജന്മനാടിന്റെ സ്വാതന്ത്ര്യമെന്ന അവകാശം തടയാൻ ഒരാൾക്കുമാകില്ലെന്ന സന്ദേശമാണ് അദ്ദേഹം ലോകത്തിന് നൽകിയത്. ആ ലക്ഷ്യം ഇവിടെ വച്ച് അദ്ദേഹം നേടിയെടുക്കുകയും ചെയ്തിട്ടുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
ത്രിദിന സന്ദർശനത്തിനായി ആന്തമാനിലെത്തിയതാണ് അമിത് ഷാ. ഇന്ന് വൈകീട്ട് മൂന്നിനാണ് പോർട്ട് ബ്ലെയറിലെ സവർക്കർ രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്. നാഷനൽ മെമ്മോറിയൽ സെല്ലുലാർ ജയിൽ സന്ദർശിച്ച അദ്ദേഹം രക്തസാക്ഷി സ്തൂപത്തിൽ പുഷ്പാർച്ചന നടത്തി.