പേഴ്‌സ് കാലിയാകും... വായ്പ നിരക്ക് ഉയർത്തി എസ്ബിഐയും ഫെഡറൽ ബാങ്കും
|ഭവന വായ്പ ഉൾപ്പെടെ ദീർഘകാലത്തേയ്ക്കുള്ള വായ്പകൾ എംസിഎൽആറുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്.
ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ വായ്പാനിരക്ക് വർധിപ്പിച്ചു. എംസിഎൽആർ അധിഷ്ഠിത വായ്പാനിരക്കാണ് കൂട്ടിയത്. 25 ബേസിക് പോയന്റിന്റെ വർധനയാണ് വരുത്തിയത്. ഇതോടെ വായ്പാചെലവ് വീണ്ടും ഉയരും. ഭവന വായ്പ ഉൾപ്പെടെ ദീർഘകാലത്തേയ്ക്കുള്ള വായ്പകൾ എംസിഎൽആറുമായാണ് ബന്ധിപ്പിച്ചിരിക്കുന്നത്.
റിസർവ് ബാങ്ക് റിപ്പോനിരക്ക് വർധിപ്പിച്ചതിന് പിന്നാലെയാണ് എസ്ബിഐയുടെ നടപടി. ഒരു വർഷം വരെയുള്ള വായ്പയുടെ പലിശനിരക്ക് നിലവിലെ 7. 7ശതമാനത്തിൽ നിന്ന് 7.95 ശതമാനമായി ഉയരും. രണ്ടുവർഷത്തേയ്ക്കുള്ള വായ്പയുടെ പുതുക്കിയ പലിശനിരക്ക് 8.15 ശതമാനമാണ്. മൂന്ന് വർഷ കാലാവധിയുള്ള വായ്പയ്ക്ക് 8.25 ശതമാനം പലിശ നൽകണം. കഴിഞ്ഞദിവസം എസ്ബിഐ സ്ഥിര നിക്ഷേപത്തിനുള്ള പലിശനിരക്കും ഉയർത്തിയിരുന്നു.
എസ്ബിഐയ്ക്ക് പുറമേ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്കും വായ്പാനിരക്ക് വർധിപ്പിച്ചു. എംസിഎൽആറിൽ 25 ബേസിക് പോയന്റിന്റെ വർധനയാണ് വരുത്തിയത്.പുതിയ നിരക്ക് ഇന്നലെ പ്രാബല്യത്തിൽ വന്നു.