ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട രേഖകൾ വിവരാവകാശ നിയമ പ്രകാരം നൽകാനാകില്ലെന്ന് എസ്.ബി.ഐ
|തിരഞ്ഞെടുപ്പ് കമീഷന്റെ വെബ്‌സൈറ്റിൽ ഉള്ള വിവരങ്ങൾ നിഷേധിച്ച എസ്ബിഐയുടെ നിലപാട് വിചിത്രമാണെന്ന് വിവരാവകാശ പ്രവർത്തകൻ
ന്യൂഡൽഹി: ഇലക്ടറൽ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങളും രേഖകളും വിവരാവകാശ നിയമ പ്രകാരം നൽകാനാകില്ലെന്ന് എസ്.ബി.ഐ. ഇലക്ടറൽ ബോണ്ട് പദ്ധതി ഭരണഘടനാ വിരുദ്ധമാണെന്ന് കാണിച്ച് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ മുഴുവൻ രേഖകളും തിരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റിൽ അപ്‍ലോഡ് ചെയ്തിരുന്നു.
സുപ്രീം കോടതിയുടെ നിർദ്ദേശത്തെത്തുടർന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നൽകിയ ഡിജിറ്റൽ രൂപത്തിലുള്ള ഇലക്ടറൽ ബോണ്ടുകളുടെ മുഴുവൻ ഡാറ്റയും ആവശ്യപ്പെട്ട് വിവരാവകാശ പ്രവർത്തകനായ കമ്മഡോർ ലോകേഷ് ബത്ര മാർച്ച് 13 നാണ് എസ്.ബി.ഐയെ സമീപിച്ചത്. വിവരാവകാശ നിയമത്തിലെ രണ്ട് വ്യവസ്ഥകൾ ചൂണ്ടിക്കാട്ടിയാണ് എസ്.ബി.ഐ വിവരാവകാശ അപേക്ഷ നിരസിച്ചത്. വിശ്വാസയോഗ്യമായ രേഖകൾ, വ്യക്തിഗത വിവരങ്ങൾ തടഞ്ഞുവയ്ക്കാൻ അനുവദിക്കുന്ന വ്യവസ്ഥകൾ ചൂണ്ടിക്കാട്ടിയാണ് എസ്.ബി.ഐയുടെ നടപടി.
തിരഞ്ഞെടുപ്പ് കമീഷന്റെ വെബ്‌സൈറ്റിൽ ഉള്ള വിവരങ്ങൾ നിഷേധിച്ച എസ്ബിഐയുടെ നിലപാട് വിചിത്രമാണെന്ന് ബത്ര പി.ടി.ഐയോട് പറഞ്ഞു.അപ്പീൽ അടക്കമുള്ള തുടർനടപടികൾ സ്വീകരിക്കുമെന്നും ബത്ര പറഞ്ഞു.
രാഷ്ട്രീയ പാർട്ടികൾക്ക് ധനസഹായം നൽകുന്ന ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ സാധുത ചോദ്യം ചെയ്തുള്ള ഒരു കൂട്ടം ഹരജികളിൽ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആർ ഗവായ്, ജെ.ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.