India
ബാബരി മസ്ജിദ് തകർക്കൽ; ഉദ്യോ​ഗസ്ഥർക്കെതിരായ കോടതിയലക്ഷ്യ നടപടികൾ നിർത്തി സുപ്രിംകോടതി
India

ബാബരി മസ്ജിദ് തകർക്കൽ; ഉദ്യോ​ഗസ്ഥർക്കെതിരായ കോടതിയലക്ഷ്യ നടപടികൾ നിർത്തി സുപ്രിംകോടതി

Web Desk
|
30 Aug 2022 8:12 AM GMT

നിലവിൽ ഹരജിക്ക് പ്രസക്തി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മസ്ജിദ് തകർക്കുന്നത് ഉദ്യോഗസ്ഥര്‍ തടഞ്ഞില്ലെന്നായിരുന്നു ഹരജി.

ന്യൂഡൽഹി: ബാബരി മസ്ജിദ് തകർക്കലുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ ഉദ്യോ​ഗസ്ഥർക്കെതിരായ കോടതിയലക്ഷ്യ നടപടികൾ അവസാനിപ്പിച്ച് സുപ്രിംകോടതി. നിലവിൽ ഹരജിക്ക് പ്രസക്തി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മസ്ജിദ് തകർക്കുന്നത് ഉദ്യോഗസ്ഥര്‍ തടഞ്ഞില്ലെന്നായിരുന്നു ഹരജി. 30 വർഷം മുമ്പുള്ള ഹരജിയാണ് തീർപ്പാക്കിയത്.

2019 നവംബർ ഒമ്പതിന് അയോധ്യ രാമജന്മഭൂമി- ബാബരി മസ്ജിദ് കേസിലെ വിധി വന്ന സാഹചര്യത്തിലും ഹരജിക്കാരൻ മരിച്ചതിനാലും കോടതിയലക്ഷ്യ ഹരജിയിലെ നപടികൾ അപ്രസക്തമായെന്നാണ് തീർപ്പ് കൽപ്പിച്ച് കോടതി പറഞ്ഞത്. യുപി സ്വദേശി മുഹമ്മദ് അസ്‌ലം ഭൂരെയാണ് സുപ്രിംകോടതിയിൽ ഹരജി സമർപ്പിച്ചത്.

ബാബരി മസ്ജിദ് പൊളിക്കുന്നതിന് മുമ്പ് അയോധ്യയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ ഈ ഉത്തരവ് ലംഘിച്ചാണ് 1992 ഡിസംബര്‍ ആറിന് മസ്ജിദ് തകര്‍ത്തത്. സുപ്രിംകോടതി ഉത്തരവ് നടപ്പാക്കുന്നതിലും പള്ളി പൊളിക്കുന്നത് തടയുന്നതിലും ഉത്തര്‍പ്രദേശ് സര്‍ക്കാരും ഉദ്യോഗസ്ഥരും പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് മുഹമ്മദ് അസ്‌ലം സുപ്രിംകോടതിയില്‍ കോടതിയലക്ഷ്യ ഹരജി ഫയല്‍ ചെയ്തത്.

1992ൽ കോടതിയലക്ഷ്യ ഹരജി സമർപ്പിച്ച അസ്‌ലം 2010ൽ മരിച്ചു. ഇതോടെ ഹരജിക്കാരന് പകരം അമിക്കസ് ക്യൂറിയെ നിയമിക്കണമെന്ന അഭിഭാഷകനായ എം.എം കശ്യപിന്റെ ഹരജി സുപ്രിംകോടതി തള്ളിയിരുന്നു.

ഇതോടൊപ്പം, ഗുജറാത്തിൽ 2002ലെ ഗോധ്രാനന്തര വർഗീയ കലാപത്തിന്മേലുള്ള എല്ലാ നടപടികളും സുപ്രിംകോടതി അവസാനിപ്പിച്ചു. കോടതി ഉത്തരവുകൾ പ്രകാരം പ്രത്യേക അന്വേഷണ സംഘം പ്രോസിക്യൂട്ട് ചെയ്ത ഒമ്പത് പ്രധാന കേസുകളിൽ എട്ടെണ്ണത്തിലും വിചാരണ പൂർത്തിയായതാണെന്നും കാലക്രമേണ കേസുകൾ നിഷ്ഫലമായതായും കോടതി പ്രസ്താവിച്ചു.

Similar Posts