'നിലവാരമുയർത്തൂ, അല്ലെങ്കിൽ രാജി വയ്ക്കൂ...'; ബിഹാറിലെ അധ്യാപകരോട് സുപ്രിംകോടതി
|ഗ്രാമീണമേഖലകളിലെ സ്കൂളുകളിൽ പഠനനിലവാരമുയർത്താൻ ടീച്ചർമാർക്ക് പരീക്ഷ വേണമെന്ന ഹരജി എതിർത്ത ഒരുവിഭാഗം അധ്യാപകരെയാണ് കോടതി വിമർശിച്ചത്
ന്യൂഡൽഹി: സ്വന്തം നിലവാരമുയർത്താൻ കഴിയില്ലെങ്കിൽ രാജി വെച്ച് പോകണമെന്ന് ബിഹാറിലെ അധ്യാപകരോട് സുപ്രിംകോടതി. ഗ്രാമീണമേഖലകളിലെ സ്കൂളുകളിൽ പഠനനിലവാരമുയർത്താൻ ടീച്ചർമാർക്ക് പരീക്ഷ വേണമെന്ന ഹരജി എതിർത്ത ഒരുവിഭാഗം അധ്യാപകരെയാണ് കോടതി വിമർശിച്ചത്. ജസ്റ്റിസുമാരായ ബിവി നാഗരത്ന, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിന്റേതായിരുന്നു വിമർശനം.
"രാജ്യത്തെ, പ്രത്യേകിച്ച് ബിഹാറിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ കോടതിക്ക് ഏറെ ശ്രദ്ധയുണ്ട്. കോടതിയുടെ താല്പര്യത്തിനോട് യോജിക്കാൻ അധ്യാപകർക്ക് കഴിയുന്നില്ല എങ്കിൽ രാജിവെച്ച് പുറത്തു പോകുന്നതാണ് നല്ലത്. അതല്ല, കുട്ടികളെ പഠിപ്പിക്കണം എന്നാഗ്രഹമുണ്ടെങ്കിൽ പരീക്ഷ എഴുതി കഴിവ് തെളിയിക്കണം, ഗുണനിലവാരം മെച്ചപ്പെടുത്തണം. രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ അധ്യാപകർക്കുള്ള പങ്ക് ചെറുതല്ല. ബിഹാർ പോലെയൊരു സംസ്ഥാനത്ത് ടീച്ചർമാരുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ സർക്കാർ പദ്ധതി മുന്നോട്ട് വയ്ക്കുമ്പോൾ അതിനെ എതിർക്കാനാണ് തീരുമാനമെങ്കിൽ രാജി വയ്ക്കുന്നത് തന്നെയാണ് നല്ലത്". കോടതി ചൂണ്ടിക്കാട്ടി.
ബിഹാറിൽ പ്രാദേശികമായി നിയമിതരായ, നിയോജിത് ശിക്ഷ എന്നറിയപ്പെടുന്ന, കരാറടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന അധ്യാപകരാണ് കോടതിയിൽ ഹരജി സമർപ്പിച്ചത്. ബിഹാർ പഞ്ചായത്ത് പ്രൈമറി ടീച്ചർമാർക്കുള്ള 2006ലെ നിയമപ്രകാരമാണ് ഇവരുടെ നിയമനം. യോഗ്യതയനുസരിച്ച് സ്ഥിരം ശമ്പളവും ആനുകൂല്യങ്ങളും ഇവർക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
2023ൽ നിയോജിത് ടീച്ചർമാരുടെ യോഗ്യത അളക്കാൻ സർക്കാർ ഏർപ്പെടുത്തിയ പരീക്ഷയ്ക്കെതിരെ ആയിരുന്നു ഹരജി.. പരീക്ഷ എഴുതണമെന്ന് ടീച്ചർമാർക്ക് നിർബന്ധമുണ്ടായിരുന്നില്ല, പരീക്ഷ എഴുതാത്ത അധ്യാപർക്കെതിരെ നടപടിയുണ്ടാവില്ലെന്നും സർക്കാർ അറിയിച്ചിരുന്നു. എന്നാൽ പരീക്ഷ പാസാവുന്ന ടീച്ചർമാരെ സർക്കാർ സ്കൂളുകളിലെ ടീച്ചർമാരുടെ യോഗ്യതയ്ക്ക് തുല്യരായി കണക്കാക്കാനായിരുന്നു തീരുമാനം.
സർവീസ് ക്രമപ്പെടുത്തുന്നതിന്റെ ഭാഗമായി 2012ൽ തങ്ങൾ പരീക്ഷ എഴുതിയിട്ടുണ്ടെന്നാണ് ഹരജിയെ എതിർത്ത് അധ്യാപകർ കോടതിയെ അറിയിച്ചത്. ഇപ്പോൾ മറ്റൊരു പരീക്ഷ നടത്തുന്നത് വിവേചനമാണന്നും അധ്യാപകരെ രണ്ട് തട്ടായി കാണാനേ അത് ഉപകരിക്കൂ എന്നും ഇവർ കോടതിയെ അറിയിച്ചെങ്കിലും വാദം കോടതി അംഗീകരിച്ചില്ല. തങ്ങളുടെ നിലവാരം മെച്ചപ്പെടുത്താൻ അധ്യാപകർ തയ്യാറാവുന്നില്ലെന്നായിരുന്നു കോടതിയുടെ വിലയിരുത്തൽ. രാജ്യത്തെ വിദ്യാഭ്യാസരംഗം ഏറെ മോശമാണെന്നും അത് മെച്ചപ്പെടുത്താൻ സർക്കാർ നീക്കം നടത്തുമ്പോൾ കോടതിയിൽ വന്ന് ഒരു വിഭാഗം എതിർക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി.