ഹിൻഡൻബർഗ്, തെരെഞ്ഞെടുപ്പ് കമ്മീഷണർമാരുടെ തെരഞ്ഞെടുപ്പ്; സുപ്രിംകോടതിയുടെ സുപ്രധാന വിധികൾ ഇന്ന്
|തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ തെരഞ്ഞെടുക്കുന്നതിന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് കൂടി ഉൾപ്പെടുന്ന നിഷ്പക്ഷ സമിതി രൂപീകരിക്കണമെന്നാണ് ഹരജി
ന്യൂഡൽഹി: സുപ്രിംകോടതി ഇന്ന് രണ്ട് സുപ്രധാന വിധികൾ പുറപ്പെടുവിക്കും. ഹിൻഡൻബർഗ് റിപ്പോർട്ടിൽ സമിതിയെ നിയോഗിച്ചുള്ളതാണ് ആദ്യത്തേത്. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ആണ് ഉത്തരവിറക്കുന്നത്. സമിതിക്ക് നേതൃത്വം നൽകുന്ന വിരമിച്ച സുപ്രിംകോടതി ജഡ്ജിയെയും മറ്റ് അംഗങ്ങളെയും കോടതി പ്രഖ്യാപിക്കും. സമിതിയിൽ ഉൾപ്പെടുത്താൻ കേന്ദ്രസർക്കാർ മുദ്രവെച്ച കവറിൽ നൽകിയ പേരുകൾ അംഗീകരിക്കാനാവില്ലെന്ന് കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഭരണഘടനാ ബെഞ്ചിലാണ് മറ്റൊരു വിധി. തെരെഞ്ഞെടുപ്പ് കമ്മീഷണർമാരെ തെരഞ്ഞെടുക്കാൻ നിഷ്പക്ഷ സംവിധാനം വേണമെന്ന ഹരജിയിൽ ജസ്റ്റിസ് കെ.എം ജോസഫ്, ജസ്റ്റിസ് അജയ് റസ്തോഗി എന്നിവരാണ് വിധികൾ പ്രസ്താവിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ തെരഞ്ഞെടുക്കുന്നതിന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് കൂടി ഉൾപ്പെടുന്ന നിഷ്പക്ഷ സമിതി രൂപീകരിക്കണമെന്നാണ് ഹരജി.
പ്രധാനമന്ത്രി,സുപ്രിംകോടതി ചീഫ് ജസ്റ്റിസ്,ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് എന്നിവരടങ്ങുന്നതാവണം നിഷ്പക്ഷ സമിതിയെന്നും ഹരജിക്കാർ സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ തെരഞ്ഞെടുക്കുന്നത് സർക്കാറാണ്. ഈ സംവിധാനം തുടരണമെന്നാണ് കേന്ദ്രസർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.