'തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനത്തിന് സ്വതന്ത്ര സമിതി രൂപീകരിക്കണം': നിര്‍ണായക വിധിയുമായി സുപ്രിംകോടതി
|പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രിംകോടതി ചീഫ്ജസ്റ്റിസ് എന്നിവരടങ്ങുന്നതാണ് സമിതി
ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളെ നിയമിക്കാൻ സ്വതന്ത്ര സമിതി രൂപീകരിക്കാൻ സുപ്രിംകോടതി ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ്. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രിം കോടതി ചീഫ്ജസ്റ്റിസ് എന്നിവരടങ്ങിയ കൊളീജിയം രൂപീകരിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. ഏകപക്ഷീയമായി ഇനി കേന്ദ്രത്തിന് തെരഞ്ഞെടുപ്പ് കമ്മീഷണറെ നിയമിക്കാനാവില്ല.
ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാനമായ വിധി പ്രസ്താവിച്ചത്. ജസ്റ്റിസ് അജയ് റസ്തോഗി, ഹൃഷികേശ് റോയ്,അനിരുദ്ധ ബോസ്,സി.ടി രവികുമാർ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങൾ.
നിരവധി രാഷ്ട്രീയ പാർട്ടികൾ അധികാരത്തിൽ വന്നെങ്കിലും അവയൊന്നും തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നതിന് കൃത്യമായ നിയമം രൂപപ്പെടുത്തിയിട്ടില്ലെന്ന് ബെഞ്ച് ചൂണ്ടിക്കാട്ടി. ന്യായമായും നിയമപരമായും പ്രവർത്തിക്കാനും ഭരണഘടനയുടെ വ്യവസ്ഥകളും കോടതിയുടെ നിർദ്ദേശങ്ങളും പാലിക്കാനും തെരഞ്ഞെടുപ്പ് കമ്മീഷൻ ബാധ്യസ്ഥരാണെന്നും ബെഞ്ച് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ പങ്കാളിയാകുന്നവര്‍ അതിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കുന്ന രീതിയില്‍ പ്രവർത്തിച്ചാൽ മാത്രമേ ജനാധിപത്യം വിജയിക്കുകയുള്ളൂവെന്ന് ബെഞ്ച് നിരീക്ഷിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ തെരഞ്ഞെടുക്കുന്നതിന് പ്രധാനമന്ത്രി,സുപ്രിംകോടതി ചീഫ് ജസ്റ്റിസ്,ലോക്സഭയിലെ പ്രതിപക്ഷനേതാവ് എന്നിവരടങ്ങുന്ന കൊളീജിയം മാതൃകയില്‍ സമിതി രൂപീകരിക്കണമെന്നുമായിരുന്നു ഹരജിക്കാർ സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ തെരഞ്ഞെടുക്കുന്നത് സർക്കാറാണ്. ഈ സംവിധാനം തുടരണമെന്നാണ് കേന്ദ്രസർക്കാർ കോടതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.