India
ഗര്‍ഭഛിദ്രം സ്ത്രീകളുടെ അവകാശം, സമ്മതമില്ലാതെ ഭര്‍ത്താവ് നടത്തുന്ന ലൈംഗിക ബന്ധം ബലാത്സംഗം: സുപ്രീംകോടതി
India

ഗര്‍ഭഛിദ്രം സ്ത്രീകളുടെ അവകാശം, സമ്മതമില്ലാതെ ഭര്‍ത്താവ് നടത്തുന്ന ലൈംഗിക ബന്ധം ബലാത്സംഗം: സുപ്രീംകോടതി

Web Desk
|
29 Sep 2022 6:01 AM GMT

അവിവാഹിതരായ സ്ത്രീകള്‍ക്കും ഗര്‍ഭഛിദ്രം നടത്താം

ഡല്‍ഹി: അവിവാഹിതരായ സ്ത്രീകൾക്കും ഗർഭഛിദ്രത്തിന് സുപ്രീംകോടതി അനുമതി നൽകി. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ചിന്‍റെതാണ് ഉത്തരവ് .നിയമപരമായ ഗർഭഛിദ്രത്തിനുള്ള അവകാശം എല്ലാ സ്ത്രീകള്‍ക്കുമുണ്ട്. ഭാര്യയുടെ അനുമതിയില്ലാതെ ഭർത്താവ് നടത്തുന്ന ലൈംഗിക ബന്ധവും ബലാത്സംഗമായി പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കി.

24 ആഴ്ചയ്ക്ക് താഴെയുള്ള ഗര്‍ഭം ഒഴിവാക്കുന്നതിന്, വിവാഹിതരായ സ്ത്രീകള്‍ക്കും അവിവാഹിത സ്ത്രീകള്‍ക്കും ഒരേ പോലെ അവകാശമുണ്ടെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. മെഡിക്കൽ പ്രഗ്നൻസി ആക്റ്റ് അനുസരിച്ചു വിവാഹിതയായ സ്ത്രീകൾക്ക് മാത്രമാണ് ഗർഭഛിദ്രം അനുവദിക്കുന്നത് . ഭിന്നശേഷി , ബലാല്സംഗം അതിജീവിച്ച സ്ത്രീകൾ തുടങ്ങിയ വിഭാഗത്തിന് പ്രത്യേക അനുമതിയോടെ ഗർഭഛിദ്രം അനുവദിച്ചിരുന്നു. എന്നാൽ ഗർഭഛിദ്രം നടത്താനുള്ള അവകാശം സ്ത്രീകൾക്കാണെന്നും വിവാഹിത, ,അവിവാഹിത എന്ന വേർതിരിവ് ഭരണ ഘടനാ വിരുദ്ധമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. സ്വന്തം ശരീരത്തിൽ സ്ത്രീകൾക്ക് അവകാശം നൽകുന്ന സുപ്രധാന വിധിയുണ്ടായത് അന്താരാഷ്ട്ര ഗർഭഛിദ്ര ദിവസത്തിൽ തന്നെയെന്നത് മറ്റൊരു പ്രത്യേകതയായി.

സ്ത്രീകളുടെ അനുമതിയില്ലാതെ ഭർത്താവ് നടത്തുന്ന ലൈംഗിക ബന്ധം കുറ്റകരമെന്ന സുപ്രധാന വിധിയും ഇതോടൊപ്പം സുപ്രീംകോടതി പുറപ്പെടുവിച്ചു. ലിവിങ് ടുഗെതെർ ബന്ധത്തിൽ നിന്നും ഗർഭിണിയായ 25കാരി ഡൽഹി ഹൈക്കോടതിയെ സമീപിച്ചതാണ് കേസിന് ആധാരമായത്. അവിവാഹിതയായ സ്ത്രീയുടെ ഗർഭഛിദ്രത്തിനു നിയമം അനുവദിക്കില്ലെന്ന് ചൂണ്ടിക്കാട്ടി ഡൽഹി ഹൈക്കോടതി അനുമതി നിഷേധിച്ചിരുന്നു. ഈ കേസിലെ അപ്പീലിൽ സുപ്രീംകോടതി ഗർഭഛിദ്രത്തിന് അനുമതി നൽകിയെങ്കിലും അവിവാഹിതകൾക്കു അനുമതി നിഷേധിക്കുന്നത് പ്രത്യേകമായി പരിഗണിച്ചു സുപ്രധാന വിധിയിലേക്ക് എത്തുകയായിരുന്നു.

വിവാഹിതരായ സ്ത്രീകള്‍ക്ക് ഗര്‍ഭഛിദ്രം നടത്താന്‍ ഭര്‍ത്താവിന്‍റെ അനുമതി ആവശ്യമില്ലെന്ന് നേരത്തെ കേരള ഹൈക്കോടതിയും വിധിച്ചിരുന്നു. ഭര്‍ത്താവിന്റെ പീഡനം കാരണം ഭര്‍തൃഗൃഹം വിട്ട കോട്ടയം സ്വദേശിയായ 26കാരിയായ യുവതിക്ക് ഗര്‍ഭഛിദ്രം നടത്താന്‍ അനുമതി നല്‍കിക്കൊണ്ട് ജസ്റ്റിസ് വി.ജി. അരുണ്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോട്ടയം മെഡിക്കല്‍ കോളേജിലോ മറ്റേതെങ്കിലും സര്‍ക്കാര്‍ ആശുപത്രിയിലോ അബോര്‍ഷന്‍ നടത്താനാണ് അനുമതി നല്‍കിയിരിക്കുന്നത്. ഗര്‍ഭാവസ്ഥയില്‍ തുടരുന്നത് യുവതിയുടെ മാനസികാവസ്ഥ മോശമാക്കുമെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടിന്‍റെ കൂടി അടിസ്ഥാനത്തിലായിരുന്നു ഹൈക്കോടതി ഉത്തരവ്.

''ഗര്‍ഭഛിദ്രത്തിന് ഭര്‍ത്താവിന്‍റെ അനുമതി വേണമെന്ന് ഗര്‍ഭം അലസിപ്പിക്കല്‍ സംബന്ധിച്ച മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രെഗ്നന്‍സി ആക്ട് നിയമത്തില്‍ പറയുന്നില്ല. ഗര്‍ഭാവസ്ഥയുടെയും പ്രസവത്തിന്‍റെയും സമ്മര്‍ദ്ദവും സംഘര്‍ഷവും നേരിടേണ്ടി വരുന്നത് സ്ത്രീയാണ്," കോടതി നിരീക്ഷിച്ചു. ഭര്‍ത്താവിന്‍റെയും ഭര്‍തൃ മാതാവിന്‍റെയും ഭാഗത്തുനിന്നുള്ള പീഡനം കാരണം മാനസികമായി ബുദ്ധിമുട്ട് നേരിടുന്ന യുവതി തന്‍റെ 21 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കണമെന്ന് കാണിച്ച് യുവതി കോടതിയെ സമീപിക്കുകയായിരുന്നു.

Similar Posts