രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസ്; പൂർണേഷ് മോദിക്ക് സുപ്രിംകോടതി നോട്ടീസ്
|ഗുജറാത്ത് സർക്കാറിനും സുപ്രിംകോടതി നോട്ടീസ് അയച്ചു
ഡൽഹി: അപകീര്‍ത്തിക്കേസില്‍ കുറ്റക്കാരനെന്ന വിധി സ്റ്റേ ചെയ്യണമെന്ന രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍ സുപ്രിംകോടതിയിൽ. പരാതിക്കാരനായ പൂർണേഷ് മോദിക്കും ഗുജറാത്ത് സർക്കാറിനും സുപ്രിംകോടതി നോട്ടീസ് അയച്ചു. പത്ത് ദിവസത്തിനകം മറുപടി സമർപ്പിക്കാനാണ് കോടതിയുടെ നിർദേശം. ഹരജി ആഗസ്റ്റ് നാലിന് വീണ്ടും പരിഗണിക്കും.
അപകീർത്തിക്കേസിൽ കുറ്റക്കാരനെന്ന വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല. ജസ്റ്റിസുമാരായ ബിആർ ഗവായ്, പ്രശാന്ത് കുമാർ മിശ്ര എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.
'എല്ലാ കള്ളൻമാർക്കും മോദിയെന്ന് പേര് വരുന്നതെങ്ങനെ?' എന്ന രാഹുലിന്റെ 2019ലെ പ്രസംഗത്തിലെ പരാമർശമാണ് കേസിന് ആധാരം. ബി.ജെ.പി നേതാവ് പുർണേഷ് മോദിയുടെ പരാതിയില്‍ സൂറത്തിലെ മജിസ്‌ട്രേറ്റ് കോടതിയാണ് രാഹുലിനെ രണ്ടുവർഷം തടവിന് ശിക്ഷിച്ചത്. വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയതിനു പിന്നാലെയാണ് രാഹുൽ ഗാന്ധി സുപ്രിംകോടതിയിൽ എത്തിയത്.