ഇനി ഒരു ദിവസം പോലും ജയിലിലിടരുത്; രാജ്യദ്രോഹക്കുറ്റം ചുമത്തിയ പൊതുപ്രവർത്തകന് ആശ്വാസവുമായി സുപ്രീം കോടതി
|മണിപ്പൂർ ബി.ജെ.പി അധ്യക്ഷനായിരുന്ന എസ് ടിക്കേന്ദ്ര സിങ് കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്ന് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിന്റെ പേരിലാണ് ലെയ്ച്ചോംബാമിനെ മെയ് 13-ന് അറസ്റ്റ് ചെയ്തത്.
ബി.ജെ.പി നേതാക്കളെ വിമർശിച്ചതിന്റെ പേരിൽ രാജ്യസുരക്ഷാ നിയമ പ്രകാരം അറസ്റ്റിലായ പൊതുപ്രവർത്തകൻ എറൻദ്രോ ലെയ്ച്ചോംബാമിന്റെ മോചനം വൈകിപ്പിക്കരുതെന്ന കർശന നിർദേശവുമായി സുപ്രീം കോടതി. ചാണകത്തിനും പശുമൂത്രത്തിനും വേണ്ടി വാദിക്കുന്ന ബി.ജെ.പി നേതാക്കളെ വിമർശിച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പേരിൽ മെയ് 13-ന് അറസ്റ്റിലായ മണിപ്പൂരി ആക്ടിവിസ്റ്റിനെ ഇന്ന് വൈകിട്ട് അഞ്ചിനു മുമ്പ് മോചിപ്പിക്കണമെന്നും അദ്ദേഹത്തെ തടങ്കലിൽ വെക്കുന്നത് വ്യക്തിസ്വാതന്ത്ര്യ നിയമത്തിന്റെ ലംഘനമാവുമെന്നും ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡും എം.ആർ ഷായുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
കേസ് പരിഗണിക്കുന്നത് നാളത്തേയ്ക്കു മാറ്റിവെക്കണമെന്ന് സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അഭ്യർത്ഥിച്ചെങ്കിലും കോടതി ഇന്നുതന്നെ ജാമ്യം അനുവദിക്കുകയായിരുന്നു. വ്യവസ്ഥകൾക്കു ബാധകമായി ആയിരം രൂപയുടെ സ്വന്തം ജാമ്യത്തിന് ലെയ്ച്ചോംബാമിനെ വൈകിട്ട് അഞ്ചിനു മുമ്പ് വിട്ടയക്കണമെന്ന് കോടതി നിർദേശിച്ചു.
മണിപ്പൂർ ബി.ജെ.പി അധ്യക്ഷനായിരുന്ന എസ് ടിക്കേന്ദ്ര സിങ് കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്ന് ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിന്റെ പേരിലാണ് ലെയ്ച്ചോംബാമിനെ മെയ് 13-ന് അറസ്റ്റ് ചെയ്തത്. 'കൊറോണയ്ക്കുള്ള ചികിത്സ ചാണവകും പശുമൂത്രവുമല്ല. ചികിത്സ ശാസ്ത്രവും സാമാന്യബോധവുമാണ്' എന്നായിരുന്നു ടിക്കേന്ദ്ര സിങ്ങിന് അനുശോചനമറിയിച്ചു കൊണ്ടുള്ള ലെയ്ച്ചോംബാമിന്റെ കുറിപ്പ്. പോസ്റ്റിലെ പരാമർശങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നു കാണിച്ച് മണിപ്പൂർ ബി.ജെ.പി പ്രസിഡണ്ട് ഉഷം ദേബൻ സിങ് നൽകിയ പരാതിയിലാണ് മണിപ്പൂർ പൊലീസ് 40-കാരനെ അറസ്റ്റ് ചെയ്തത്. സമാന സംഭവത്തിൽ മാധ്യമപ്രവർത്തകൻ കിഷോർചന്ദ്ര വാങ്ഖെമിനെയും അറസ്റ്റ് ചെയ്തിരുന്നു.
മെയ് 17-ന് ഇംഫാൽ വെസ്റ്റിലെ ജില്ലാ മജിസ്ട്രേറ്റ് കിരൺകുമാർ ആണ് ലെയ്ച്ചോംബാമിനെതിരെ ദേശസുരക്ഷാ നിയമം ചുമത്താൻ നിർദേശം നൽകിയത്. അദ്ദേഹത്തിന്റെ പോസ്റ്റ് രാജ്യത്തിന്റെ സുരക്ഷയ്ക്കും സാമൂഹ്യക്രമത്തിനും ഭീഷണിയാണെന്നായിരുന്നു കീഴ്ക്കോടതി വിധി. ഇതിനെതിരെ ലെയ്ച്ചോംബാമിന്റ പിതാവ് രഘുമണി സിങ് ആണ് സുപ്രീംകോടതിയെ സമീപിച്ചത്. കോവിഡിന് മരുന്നായി ചാണകവും പശുമൂത്രം ഉപയോഗിക്കാമെന്ന് വിവിധ ബി.ജെ.പി നേതാക്കൾ നടത്തിയ പരാമർശങ്ങൾക്കുള്ള മറുപടിയാണ് ലെയ്ച്ചോംബാമിന്റെ ഫേസ്ബുക്ക് പോസ്റ്റെന്ന് ഹരജിയിൽ പറയുന്നു.
ഹാവഡ് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള എം.ബി.എ ബിരുദധാരിയായ ലെയ്ച്ചോംബാം സാമൂഹ്യപ്രവർത്തക ഇറോം ഷർമിളയുടെ ഉറ്റസുഹൃത്താണ്. മണിപ്പൂരിലെ പട്ടാളവൽക്കരണത്തിനും അടിച്ചമർത്തലിനുമെതിരെ തുടർച്ചയായി ശബ്ദിക്കുന്ന വ്യക്തികൂടിയാണ് അദ്ദേഹമെന്ന് റിപ്പോർട്ടുകൾ പറയുന്നു.