India
ശിവസേനയുടെയും വിമതരുടെയും ഹരജികള്‍ വിശാലബെഞ്ചിലേക്ക്
India

ശിവസേനയുടെയും വിമതരുടെയും ഹരജികള്‍ വിശാലബെഞ്ചിലേക്ക്

Web Desk
|
20 July 2022 8:31 AM GMT

ആഗസ്ത് 1ന് ഹരജികള്‍ വീണ്ടും പരിഗണിക്കുമെന്ന് കോടതി

ഡല്‍ഹി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉദ്ധവ് താക്കറെയും നയിക്കുന്ന ശിവസേന വിഭാഗങ്ങൾ തമ്മിലുള്ള തർക്കം വിശാല ബെഞ്ചിന് വിടുന്നത് സുപ്രിംകോടതിയുടെ പരിഗണനയില്‍. വിഷയം അവതരിപ്പിക്കാന്‍ ജൂലൈ 27 വരെ കോടതി സമയം നൽകി. ആഗസ്ത് 1ന് ഹരജികള്‍ വീണ്ടും പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി സർക്കാരിന്റെ പതനത്തിലേക്ക് നയിച്ച രാഷ്ട്രീയ പ്രതിസന്ധിയുമായി ബന്ധപ്പെട്ട ഒരു കൂട്ടം ഹരജികൾ പരിഗണിക്കുകയായിരുന്നു സുപ്രിംകോടതി. ജൂൺ 29നാണ് താക്കറെ മുഖ്യമന്ത്രിസ്ഥാനം രാജിവച്ചത്. താക്കറെയ്‌ക്കെതിരായ വിമത നീക്കത്തിന് നേതൃത്വം നൽകിയ ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വിമത എം.എല്‍എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഉദ്ധവ് താക്കറെ കോടതിയെ സമീപിച്ചത്. ശിവസേനയുടെ ചീഫ് വിപ്പായി ഷിൻഡെ വിഭാഗം നാമനിർദേശം ചെയ്തയാളെ അംഗീകരിക്കാനുള്ള മഹാരാഷ്ട്ര നിയമസഭാ സ്പീക്കറുടെ തീരുമാനത്തെയും വെല്ലുവിളിച്ചു.

പാർട്ടി നാമനിർദേശം ചെയ്യുന്ന ഔദ്യോഗിക വിപ്പ് അല്ലാത്ത വിപ്പ് സ്പീക്കർ അംഗീകരിക്കുന്നത് ശരിയല്ലെന്ന് താക്കറെ വിഭാഗത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ വാദിച്ചു. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ ബെഞ്ചാണ് ഹരജികള്‍ പരിഗണിച്ചത്. സംസ്ഥാന സര്‍ക്കാരുകളെ അട്ടിമറിക്കുന്നത് ജനാധിപത്യത്തെ അപകടത്തിലാക്കുമെന്ന് കപില്‍ സിബല്‍ പറഞ്ഞു. മനു അഭിഷേക് സിങ്‍വിയും മഹേഷ് ജഠ്മലാനിയും താക്കറെ വിഭാഗത്തിനായി ഹാജരായി. ഹരീഷ് സാല്‍വെയാണ് ഷിന്‍ഡെ ക്യാംപിനായി ഹാജരായത്. ഒരു പാർട്ടിയിലെ വലിയൊരു വിഭാഗത്തിന് മറ്റൊരാൾ നേതൃത്വം നൽകണമെന്ന് തോന്നിയാൽ കുഴപ്പമൊന്നുമില്ലെന്ന് ഹരീഷ് സാല്‍വെ വാദിച്ചു. പാർട്ടിയിൽ നിന്ന് പുറത്തുപോകാതെ നേതാവിനെ ചോദ്യംചെയ്ത് പാർട്ടിക്കുള്ളിൽ തന്നെ തുടരുമ്പോള്‍ കൂറമാറ്റല്ലെന്നും അദ്ദേഹം വാദിച്ചു. ശിവസേനയിലെ 40 എംപിമാരാണ് ഷിന്‍ഡെയ്ക്കൊപ്പം പോയത്.

Similar Posts