India
Supreme Court sets up five-judge constitution bench to hear pleas on same-sex marriage
India

സ്വവർഗ വിവാഹം: ഹരജികൾ പരിഗണിക്കാൻ സുപ്രിംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു

Web Desk
|
15 April 2023 12:48 PM GMT

സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്നാണ് ഹരജികളിൽ ആവശ്യപ്പെടുന്നത്

ന്യൂഡൽഹി: സ്വവർഗവിവാഹം സംബന്ധിച്ച ഹരജികൾ പരിഗണിക്കാനായി സുപ്രിംകോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിച്ചു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായാണ് അഞ്ചംഗ ഭരണഘടന ബെഞ്ച് രൂപീകരിച്ചത്. ഈ മാസം 18ന് ഹരജികൾ പരിഗണിക്കും. മാർച്ച് 13നാണ് ഹരജികൾ ഭരണഘടനാ ബെഞ്ചിന് വിട്ടത്. സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്നാണ് ഹരജികളിൽ ആവശ്യപ്പെടുന്നത്.

ഈ വർഷം മാർച്ചിലാണ് സ്വവർഗ വിവാഹം നിയമപരമാക്കണമെന്ന ഹരജികൾ സുപ്രിംകോടതി ഭരണഘടന ബെഞ്ചിന് വിട്ടത്. പ്രണയം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യവും അഭിപ്രായ പ്രകടന സ്വാതന്ത്ര്യവും മൗലിക അവകാശങ്ങൾ ആണെന്ന വാദമാണ് അന്ന് ഹരജിക്കാർ മുന്നോട്ട് വെച്ചത്. സ്‌പെഷ്യൽ മാരേജ് ആക്ട് പ്രകാരം രണ്ട് വ്യക്തികൾ എന്നെ നിയമത്തിൽ വ്യവസ്ഥയുള്ളൂ എന്നും ഹരജിക്കാർ കോടതിയിൽ വാദിച്ചു. എന്നാൽ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലെ കേന്ദ്ര സർക്കാരിന്റെ നിലപാട് ആവർത്തിക്കുകയാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ചെയ്തത്. പ്രണയത്തിനും പ്രണയം പ്രകടിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടെങ്കിലും സ്വവർഗ്ഗ വിവാഹം നിയമപരമാക്കുന്നത് വലിയൊരു വിഭാഗം സമൂഹത്തിന്റെ പൊതു ചിന്തയ്ക്ക് എതിരാണെന്നും കേന്ദ്ര സർക്കാർ കോടതിയിൽ വാദിച്ചു.

നിലവിലുള്ള നിയമങ്ങളും വ്യക്തികളുടെ അവകാശങ്ങളും തമ്മിൽ ബന്ധപ്പെട്ട വിഷയമായതിനാൽ ഹരജികളിൽ കോടതി ഇടപെടരുത് എന്നും പാർലമെന്റിൽ വിഷയം ചർച്ച ചെയ്ത് നിയമ നിർമാണം നടക്കണമെന്നും സോളിസിറ്റർ ജനറൽ നിലപാട് സ്വീകരിച്ചു. എന്നാൽ മൗലിക അവകാശങ്ങളുമായി ബന്ധപ്പെട്ട വിഷയമായതിനാൽ സ്വവർഗ വിവാഹത്തിന് നിയമ സാധുത തേടിയുള്ള ഹരജികൾ പ്രാധാന്യമുള്ളത് ആണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് നിരീക്ഷിച്ചു.

സ്വവർഗ വിവാഹത്തിന് നിയമപരമായ അംഗീകാരം നൽകണമെന്ന ആവശ്യത്തെ തള്ളി കേന്ദ്രസർക്കാർ സത്യവാങ്മൂലം നൽകിയിരുന്നു. സ്വവർഗ വിവാഹം രാജ്യത്തെ കുടുംബ സങ്കൽപത്തിന് വിരുദ്ധമാണെന്ന് കേന്ദ്രം വാദിച്ചു. മത, സാമൂഹിക, സംസ്‌കാരിക ആശയങ്ങളും, നടപ്പ് രീതികളുമാണ് ഇന്ത്യയിലെ വിവാഹവുമായി ബന്ധപ്പെട്ട നിയമങ്ങളുടെ അടിസ്ഥാനം. അവയെ ദുർബലപ്പെടുത്തുകയും മാറ്റി മറിക്കുന്നതുമായ വ്യഖ്യാനങ്ങളിലേക്ക് കോടതികൾ നടക്കരുത്. സ്വവർഗ ലൈംഗിത നിയമപരമാക്കിയത് കൊണ്ട് മാത്രം സ്വവർഗ വിവാഹം നിയമപരമാണെന്ന് പറയാനാകില്ലെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.

Supreme Court sets up five-judge constitution bench to hear pleas on same-sex marriage

Similar Posts