India
sc stayed allahabad hc verdict rape victim is mangalik
India

വിവാഹവാഗ്ദാനം നൽകി പീഡനം; മംഗല്യ ദോഷമുണ്ടോയെന്ന് പരിശോധിക്കണമെന്ന ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി

Web Desk
|
3 Jun 2023 11:41 AM GMT

യുവതിക്ക് മംഗല്യ ദോഷമുള്ളതുകൊണ്ടാണ് വിവാഹത്തിൽനിന്ന് പിൻമാറിയത് എന്നായിരുന്നു പ്രതിയുടെ വാദം. മംഗല്യ ദോഷമുണ്ടോയെന്ന് പരിശോധിക്കാൻ അലഹബാദ് ഹൈക്കോടതി ലഖ്‌നോ യൂണിവേഴ്‌സിറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു.

ന്യൂഡൽഹി: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവതിക്ക് മംഗല്യ ദോഷമുണ്ടോയെന്ന് പരിശോധിക്കണമെന്ന അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. ജസ്റ്റിസ് സുധാൻശു ധുലിയ, ജസ്റ്റിസ് പങ്കജ് മിത്തൽ എന്നിവരുടെ അവധിക്കാല ബെഞ്ചാണ് സ്വമേധയാ കേസ് പരിഗണിച്ച് വിധി റദ്ദാക്കിയത്.

സുപ്രിംകോടതി അഭിപ്രായം ആരാഞ്ഞപ്പോൾ വിധി അസ്വസ്ഥപ്പെടുത്തുന്നതും റദ്ദാക്കപ്പെടേണ്ടതുമാണ് എന്നായിരുന്നു സോളിസിറ്റർ ജനറൽ തുഷാർ മെഹ്തയുടെ നിലപാട്. ഇരുപക്ഷത്തിന്റെ സമ്മതത്തോടെയാണ് ഉത്തരവെന്നും ജ്യോതിഷം സർവകലാശാലകളിൽ പാഠ്യവിഷയമാണെന്നും പ്രതിയുടെ അഭിഭാഷകൻ വാദിച്ചു. എന്നാൽ ഇത് പൂർണമായും സന്ദർഭത്തിന് പുറത്താണ് എന്നായിരുന്നു സുപ്രിംകോടതിയുടെ നിലപാട്. സ്വകാര്യതക്കുള്ള അവകാശം ലംഘിക്കപ്പെടുന്നു. ജ്യോതിഷവുമായി ഇതിനെന്താണ് ബന്ധമെന്നതിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ല. കേസുമായി ബന്ധപ്പെട്ട വിഷയം മാത്രമാണ് തങ്ങൾ പരിഗണിക്കുന്നതെന്നും ജസ്റ്റിസ് ധുലിയ പറഞ്ഞു.

വിവാവവാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്ന് ആരോപിച്ചാണ് യുവതി പരാതി നൽകിയത്. എന്നാൽ മംഗല്യദോഷമുള്ളതുകൊണ്ടാണ് വിവാഹത്തിൽനിന്ന് പിൻമാറിയത് എന്നായിരുന്നു പ്രതിയായ ഗോബിന്ദ് റായിയുടെ വാദം. ഇത് ശരിയാണോ എന്നറിയാൻ യുവതിയുടെ ജാതകം പരിശോധിക്കാൻ അലഹബാദ് ഹൈക്കോടതി ലഖ്‌നോ യൂണിവേഴ്‌സിറ്റിയിലെ ആസ്‌ട്രോളജി ഡിപ്പാർട്ട്‌മെന്റ് തലവനോട് നിർദേശിക്കുകയായിരുന്നു.

ഉത്തരവ് വിവാദമായതോടെയാണ് സുപ്രിംകോടതി സ്വമേധയാ കേസിൽ ഇടപെട്ടത്. അലഹബാദ് ഹൈക്കോടതിയുടെ ജസ്റ്റിസ് ബ്രിജ് രാജ് സിങ് അധ്യക്ഷനായ ബെഞ്ചാണ് മെയ് 23ന് വിവാദ ഉത്തരവിട്ടത്. ഇരുപക്ഷത്തോടും ജാതകം ഹാജരാക്കാൻ നിർദേശിച്ച കോടതി മൂന്ന് ആഴ്ചക്കകം അന്തിമ ഉത്തരവ് സമർപ്പിക്കാനും ഉത്തരവിട്ടിരുന്നു. കേസ് ജൂൺ 26ന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് സുപ്രിംകോടതി ഇടപെട്ട് വിധി റദ്ദാക്കിയത്.

Similar Posts