അന്വേഷണ ഏജൻസികളെ കേന്ദ്രം ദുരുപയോഗം ചെയ്യുന്നുവെന്ന പ്രതിപക്ഷത്തിന്റെ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
|കോൺഗ്രസും സി.പി.എമ്മും ഉൾപ്പെടെ 14 പ്രതിപക്ഷ പാർട്ടികളാണ് കേന്ദ്ര ഏജൻസികളുടെ അറസ്റ്റിന് മാർഗരേഖ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്
ഡല്ഹി: അന്വേഷണ ഏജൻസികളെ കേന്ദ്ര സർക്കാർ ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ പാർട്ടികൾ സമർപ്പിച്ച ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. കോൺഗ്രസും സി.പി.എമ്മും ഉൾപ്പെടെ 14 പ്രതിപക്ഷ പാർട്ടികളാണ് കേന്ദ്ര ഏജൻസികളുടെ അറസ്റ്റിന് മാർഗരേഖ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിക്കുന്നത്.
സി.ബി.ഐ , ഇ.ഡി കേസുകൾ 95 ശതമാനവും പ്രതിപക്ഷ പാർട്ടിയിൽപെട്ടവർക്ക് എതിരെയാണെന്ന് ഹരജിക്കാർക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിങ്വി സുപ്രിംകോടതിയിൽ കഴിഞ്ഞ തവണ ചൂണ്ടിക്കാട്ടിയിരുന്നു. നിലവിൽ നടക്കുന്ന കേസുകളെ ഒരുതരത്തിലും സ്വാധീനിക്കാനല്ല ഹരജി സമർപ്പിച്ചിരിക്കുന്നത്. മറിച്ചു ഇനിയുള്ള അറസ്റ്റ്, ജാമ്യം തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ മാർഗരേഖ ഉണ്ടാകണം. ഇ .ഡി, സി.ബി.ഐ എന്നീ കേന്ദ്ര ഏജൻസികളുടെ അറസ്റ്റുകൾക്കാണ് സുപ്രിംകോടതിയുടെ മാർഗരേഖ പാർട്ടികൾ ആവശ്യപ്പെടുന്നതെന്നും അഭിഭാഷകന് പറഞ്ഞു.
പ്രതിപക്ഷ നിരയിൽ രാഷ്ട്രീയ ഭിന്നതയുണ്ടെങ്കിലും ഹരജിക്കാരായി ഒറ്റക്കെട്ടായിട്ടാണ് എത്തിയത്. കോൺഗ്രസ്, സി.പി.എം, തൃണമൂൽ കോൺഗ്രസ്, ആം ആദ്മി പാർട്ടി, ഡി.എം.കെ, സി.പി.ഐ എന്നീ പാർട്ടികൾ ഹരജിക്കാരാണ്. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷ പാർട്ടികൾ പ്രധാനമന്ത്രിക്ക് കത്തയച്ചപ്പോൾ കോൺഗ്രസ് ഒപ്പിട്ടിരുന്നില്ല. കേസിൽ പ്രതികളായവർ പോലും ബി.ജെ.പിയിൽ ചേരുമ്പോൾ, അവർക്കെതിരായ അന്വേഷണം അവസാനിക്കുകയാണെന്നു സംയുക്ത പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പ്രസ്താവനയുടെ വെളിച്ചത്തിലാണ് ഹരജി തയ്യാറാക്കിയിരിക്കുന്നത്.