India
പെഗാസസ് ഫോണ്‍ ചോർത്തലില്‍ വിദഗ്ധ സമിതി അന്വേഷണം: സാങ്കേതിക വിദഗ്ധരെയും ഉള്‍പ്പെടുത്തും
India

പെഗാസസ് ഫോണ്‍ ചോർത്തലില്‍ വിദഗ്ധ സമിതി അന്വേഷണം: സാങ്കേതിക വിദഗ്ധരെയും ഉള്‍പ്പെടുത്തും

Web Desk
|
23 Sep 2021 7:35 AM GMT

ചാരസോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് പൗരന്മാരുടെ ഫോണ്‍ ചോർത്തിയോ എന്ന കാര്യത്തിൽ കേന്ദ്രം വ്യക്തത വരുത്താത്ത സാഹചര്യത്തിലാണ് വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചത്.

പെഗാസസ് അന്വേഷിക്കാൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് സുപ്രീംകോടതി. സമിതിയില്‍ സാങ്കേതിക വിദഗ്ധരും ഉണ്ടാകും. അടുത്ത ആഴ്ച ഉത്തരവിറക്കുമെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ വ്യക്തമാക്കി. വിദഗ്ധ സമിതി അംഗങ്ങളുടെ പേര് ഉത്തരവിലുണ്ടാകും.

ചാരസോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് പൗരന്മാരുടെ ഫോണ്‍ ചോർത്തിയോ എന്ന കാര്യത്തിൽ കേന്ദ്രം വ്യക്തത വരുത്താത്ത സാഹചര്യത്തിലാണ് വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് സുപ്രീംകോടതി അറിയിച്ചത്. സമിതി അംഗങ്ങളുടെ കാര്യത്തിൽ ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ മുതിർന്ന അഭിഭാഷകനായ സി.യു സിങ്‌വിയെ അറിയിച്ചു.

സുപ്രീംകോടതി മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തിൽ സാങ്കേതിക വിദഗ്ധരും ഉൾപ്പെടും. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമായതിനാൽ കൂടുതൽ വെളിപ്പെടുത്തൽ നടത്താനാകില്ലെന്ന് കഴിഞ്ഞ തവണ ഹരജി പരിഗണിച്ചപ്പോൾ കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. വിദഗ്ധ സമിതിക്ക് മുന്നിൽ വിവരങ്ങൾ കൈമാറാമെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. എന്നാൽ രാജ്യസുരക്ഷയോളം തന്നെ പൗരന്മാരുടെ സ്വകാര്യതയും പ്രധാനമാണെന്ന് ചീഫ് ജസ്റ്റിസ് നിലപാടെടുത്തു.

സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നും കേന്ദ്രവുമായി ബന്ധപ്പെടുന്ന ആരും സമിതിയിൽ ഉണ്ടാകരുതെന്നും ഹരജിക്കാരും ആവശ്യപ്പെട്ടിരുന്നു. വിദഗ്ധ സമിതി അംഗങ്ങളുടെ പേര് ഉൾപ്പെടുത്തി അടുത്താഴ്ച സുപ്രീംകോടതി ഉത്തരവിറക്കും.

Similar Posts