India
സ്വര്‍ണക്കടത്ത് കേസ്; ഇ.ഡിയുടെ ട്രാന്‍സ്ഫര്‍ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും
India

സ്വര്‍ണക്കടത്ത് കേസ്; ഇ.ഡിയുടെ ട്രാന്‍സ്ഫര്‍ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

Web Desk
|
21 Oct 2022 1:12 AM GMT

ഹരജി ഇന്നലെ പരി​ഗണിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

ന്യൂഡൽഹി: സ്വര്‍ണക്കടത്ത് കേസിന്‍റെ വിചാരണ നടപടികൾ ബെംഗളൂരുവിലേക്ക് മാറ്റണമെന്ന ഇ.ഡിയുടെ ട്രാന്‍സ്ഫര്‍ ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ നടക്കുന്ന വിചാരണ ബെംഗളൂരു കോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി കൊച്ചി സോണ്‍ അസിസ്റ്റന്‍റ് ഡയറക്ടറാണ് ഹര്‍ജി നല്‍കിയത്. ഹരജി ഇന്നലെ പരി​ഗണിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇന്നത്തേക്ക് മാറ്റുകയായിരുന്നു.

സംസ്ഥാന സര്‍ക്കാരിലെ ഉന്നതരുമായി കേസിലെ പ്രതികള്‍ക്ക് ബന്ധമുണ്ടെന്നും അതിനാല്‍ സ്വതന്ത്രമായ കോടതി നടപടികള്‍ സാധ്യമാകില്ലെന്നുമാണ്‌ ഇ.ഡിയുടെ വാദം.

എന്നാൽ, വിചാരണ മാറ്റുന്നതിനെതിരെ സംസ്ഥാന സര്‍ക്കാരും ശിവശങ്കറും സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. വിചാരണ മാറ്റുന്നത് കോടതിയുടെ വിശ്വാസ്യതയെ തന്നെ ബാധിക്കുമെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.

ഇ.ഡിക്ക് കേരളത്തിലെ കോടതിയുടെ വിശ്വാസ്യത ചോദ്യം ചെയ്യാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാരും എം. ശിവശങ്കറും സത്യവാങ്മൂലത്തിലൂടെ വ്യക്തമാക്കിയിരുന്നു.

കേന്ദ്രത്തിന്‍റെ രാഷ്ട്രീയ ഉപകരണമായി ഇ.ഡി പ്രവര്‍ത്തിക്കുന്നുവെന്നും കേരള സർക്കാരിലെ ഭരണ- രാഷ്ട്രീയ നേതൃത്വത്തിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നുമാണ് ശിവശങ്കറിന്‍റെ നിലപാട്.

Similar Posts