മോദിയുടെ കോയമ്പത്തൂര്‍ റോഡ് ഷോയില്‍ വിദ്യാര്‍ഥികള്‍: അന്വേഷണത്തിന് ഉത്തരവിട്ട് കലക്ടര്‍
|വൈകുന്നേരം മുഴുവന്‍ കുട്ടികള്‍ റോഡരികില്‍ കാത്തുനിന്നതായും ചിലര്‍ ഹിന്ദു ദൈവങ്ങളുടെ വേഷം ധരിച്ചിരുന്നുവെന്നും ആരോപണമുണ്ട്
കോയമ്പത്തൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂരിലെ റോഡ് ഷോയില്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചതായി ആരോപണം. സംഭവത്തില്‍ ജില്ലാകലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ക്കെതിരെ നടപടി സ്വീകരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
സംഭവം ശ്രദ്ധയില്‍പെട്ടതായും തൊഴില്‍-വിദ്യാഭ്യാസ വകുപ്പുകളോട് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടിയതായും കലക്ടര്‍ അറിയിച്ചു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ നടപടി ഉണ്ടാകുമെന്ന് കലക്ടര്‍ വ്യക്തമാക്കി. തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ തിങ്കളാഴ്ചയായിരുന്നു മോദിയുടെ റോഡ് ഷോ.
ശ്രീ സായി ബാബ എയ്ഡഡ് മിഡില്‍ സ്‌കൂളിലെ 50തോളം വിദ്യാര്‍ഥികളാണ് യൂണിഫോം ധരിച്ച് റോഡ് ഷോയില്‍ പങ്കെടുത്തത്. റോഡ്ഷോയില്‍ പങ്കെടുക്കാന്‍ സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ഥികളോട് നിര്‍ദേശിച്ചതായി ആരോപണമുണ്ട്. വൈകുന്നേരം മുഴുവന്‍ കുട്ടികള്‍ റോഡരികില്‍ കാത്തുനിന്നതായും ചിലര്‍ ഹിന്ദു ദൈവങ്ങളുടെ വേഷം ധരിച്ചിരുന്നുവെന്നും പറയപ്പെടുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചുവെന്ന് ആരോപിച്ച് പ്രധാനമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് സി.പി.ഐ തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചു. പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം റോഡ് ഷോക്കായി ഉപയോഗിച്ചുവെന്നും സ്‌കൂള്‍ വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചുവെന്നും കാണിച്ചാണ് കത്ത്.
കോയമ്പത്തൂരിലെ പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്ക് സംസ്ഥാന ആഭ്യന്തര വകുപ്പ് ആദ്യം അനുമതി നിഷേധിച്ചിരുന്നു. പിന്നീട് ബിജെപി നേതൃത്വം ഹൈക്കോടതിയുടെ മധുര ബെഞ്ചിനെ സമീപിച്ച് റോഡ് ഷോയ്ക്ക് അനുമതി വാങ്ങുകയായിരുന്നു.