ഫലസ്തീൻ അനുകൂല പോസ്റ്റുകൾക്ക് ലൈക്കടിച്ചു; പ്രിൻസിപ്പലിനെ പുറത്താക്കി മുംബൈയിലെ സ്കൂൾ
|സ്കൂൾ അധികൃതരുടെ നടപടിക്കെതിരെ നിയമപരാമയ മാർഗങ്ങൾ ആലോചിക്കുമെന്ന് പ്രിൻസിപ്പൽ
മുംബൈ: സാമൂഹിക മാധ്യമങ്ങളിലെ ഫലസ്തീൻ അനുകൂല പോസ്റ്റുകൾക്ക് ലൈക്കടിച്ചതിന് മുംബൈയിൽ മുൻനിര സ്കൂളിലെ പ്രിൻസിപ്പലിനെ പുറത്താക്കി. വിദ്യാവിഹാർ ഭാഗത്തെ സോമയ്യ സ്കൂളിലെ പ്രിൻസിപ്പൽ പർവീൺ ഷെയ്ഖിനെയാണ് പുറത്താക്കിയത്.
മേയ് രണ്ടിന് ഇവരോട് രാജിവെക്കാൻ സ്കൂൾ അധികൃതർ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസം പുറത്താക്കിക്കൊണ്ടുള്ള കത്ത് നൽകി.
പർവീണിന്റെ സാമൂഹിക മാധ്യമങ്ങളിലെ ഇടപെടൽ വിദ്യാഭ്യാസ സ്ഥാപനം പുലർത്തുന്ന മൂല്യങ്ങളുമായി പൊരുത്തപ്പെടുന്നില്ലെന്ന് സ്കൂൾ മാനേജ്മെന്റ് പറഞ്ഞു. ആശങ്കകളുടെ ഗൗരവം കണക്കിലെടുത്തും സൂക്ഷ്മമായ പരിശോധനകൾക്ക് ശേഷവും അവരെ പുറത്താക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് സ്കൂൾ അധികൃതർ പ്രസ്താവനയിൽ വ്യക്തമാക്കി.
ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ തങ്ങൾ ശക്തമായി പിന്തുണക്കുന്നുണ്ട്. എന്നാൽ, അത് ഉത്തരവാദിത്തതോടെ വിനിയോഗിക്കണമെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.
അതേസമയം, സ്കൂൾ അധികൃതരുടെ നടപടിയിൽ ഞെട്ടൽ രേഖപ്പെടുത്തിയ പ്രിൻസിപ്പൽ, പിരിച്ചുവിടൽ നിയമവിരുദ്ധവും അനാവശ്യവും രാഷ്ട്രീയ പ്രേരിതവുമാണെന്നും ആരോപിച്ചു. നിയമ വ്യവസ്ഥയിലും ഇന്ത്യൻ ഭരണഘടനയിലും തനിക്ക് ഉറച്ചവിശ്വാസമുണ്ട്. സ്കൂൾ അധികൃതരുടെ നടപടിക്കെതിരെ നിയമപരാമയ മാർഗങ്ങൾ ആലോചിക്കുമെന്നും അവർ പറഞ്ഞു.
12 വർഷമായി പർവീൺ സ്കൂളിൽ ജോലി ചെയ്യുന്നുണ്ട്. ഏഴ് വർഷം മുമ്പാണ് പ്രിൻസിപ്പലായി ചുമതലയേൽക്കുന്നത്.