കൂട്ടുകാർ തമ്മിൽ അടി, വിദ്യാർത്ഥിനികൾക്ക് നേരെ കുരുമുളക് സ്പ്രേ പ്രയോഗിച്ചു; 11 പേർ ആശുപത്രിയിൽ
|ശാരീരികാസ്വാസ്ഥ്യവും ശ്വാസംമുട്ടലും അനുഭവപ്പെട്ട പെൺകുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്
സ്‌കൂളിൽ വിദ്യാർഥികൾ തമ്മിലുണ്ടായ തർക്കത്തിനിടെ കുരുമുളക് സ്പ്രേ പ്രയോഗിച്ചു. നോർത്ത് ഗോവയിലെ ബിച്ചോളിമിലെ ഹയർസെക്കൻഡറി സ്‌കൂളിലാണ് സംഭവം. ഒരേ ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾ തമ്മിലാണ് പ്രശ്നമുണ്ടായത്. ഇതിനിടെ ഒരു കൂട്ടം വിദ്യാർഥികൾ മറ്റൊരു കൂട്ടത്തിന് നേരെ കുരുമുളക് സ്പ്രേ അടിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് 11 പെൺകുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർഥിനികൾ ക്ലാസ് മുറിക്കുള്ളിലിരിക്കുമ്പോഴായിരുന്നു സംഭവം. സ്‌കൂൾ മാനേജ്‌മന്റ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ശാരീരികാസ്വാസ്ഥ്യവും ശ്വാസംമുട്ടലും അനുഭവപ്പെട്ട പെൺകുട്ടികൾ ആശുപത്രിയിൽ ചികിത്സയിലാണ്.
പതിനൊന്ന് പെൺകുട്ടികളെ ആദ്യം ബിക്കോളിമിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് റഫർ ചെയ്തിരുന്നു, അവരിൽ മൂന്ന് പേരെ പിന്നീട് മപുസ ടൗണിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എല്ലാ വിദ്യാർത്ഥികളുടെയും നില തൃപ്തികരമാണെന്ന് ജില്ലാ ആശുപത്രിയിലെത്തിയ ബിച്ചോലിം എംഎൽഎ ഡോ ചന്ദ്രകാന്ത് ഷെട്ടി പറഞ്ഞു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.