'സ്വന്തമായി എയർലൈൻ സർവീസില്ല, പിന്നെ ഇന്ത്യക്കെന്തിനൊരു വ്യോമയാന മന്ത്രാലയം'; തൃൺമൂൽ എം.പി മഹുവ മൊയ്ത്ര
|ലോകത്ത് ഇന്ത്യയിലും ബംഗ്ലാദേശിലും മാത്രമെ പ്രത്യേക സിവിൽ ഏവിയേഷൻ മന്ത്രാലയം പ്രവർത്തിക്കുന്നുള്ളൂവെന്നും മഹുവ പറഞ്ഞു
സ്വന്തമായി ദേശീയ എയര്‍ലൈന്‍ സര്‍വീസില്ലാത്ത ഇന്ത്യയില്‍ വ്യോമയാന മന്ത്രാലയത്തിന്റെ ആവശ്യകത ചോദ്യം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഒഴിവാക്കി റോഡ്, തുറമുഖ മന്ത്രാലയങ്ങളുമായി ലയിപ്പിക്കുകയോ, സമഗ്രമായ ഒരു ഗതാഗത മന്ത്രാലയം ആരംഭിക്കുകയോ വേണമെന്നാണ് മഹുവ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗത്തില്‍ ആവശ്യപ്പെടുന്നത്. വ്യോമയാന മന്ത്രാലയത്തിന്റെ ഗ്രാന്റുമായി ബന്ധപ്പെട്ട് ലോക്സഭയില്‍ നടന്ന ചര്‍ച്ചയിലാണ് പരാമര്‍ശം.
ലോകത്ത് ഇന്ത്യയിലും ബംഗ്ലാദേശിലും മാത്രമെ പ്രത്യേക സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പ്രവര്‍ത്തിക്കുന്നുള്ളൂവെന്ന് മഹുവ പറഞ്ഞു. യു.എസ്, യു.കെ, കാനഡ, ജര്‍മനി, സിംഗപൂര്‍, ജപ്പാന് തുടങ്ങിയ രാജ്യങ്ങളെ അവര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടി. എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണത്തോടെ ഇനി വ്യോമയാന മന്ത്രാലയത്തെക്കുറിച്ച് ചിന്തിക്കേണ്ടതില്ലെന്നും അവര്‍ വ്യക്തമാക്കി. കെടുകാര്യസ്ഥത കാരണം, സര്‍ക്കാര്‍ ഖജനാവിന് കോടികള്‍ നഷ്ടമുണ്ടാക്കിയ എയര്‍ ഇന്ത്യയുടെ വില്‍പ്പന ഒരു നാഴികകല്ലായാണ് സര്‍ക്കാര്‍ അവതരിപ്പിക്കുന്നതെന്നും അവര്‍ വിമര്‍ശിച്ചു. രാജ്യത്ത് പുതിയ വിമാനത്താവളങ്ങള്‍ നിര്‍മിക്കുന്നതിന് പകരം, നിലവിലുള്ള വിമാനത്താവളങ്ങളിലെ സൗകര്യങ്ങള്‍ വികസിപ്പിക്കുകയാണ് വേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
My Lok Sabha speech on Civil Aviation Demand for Grants (2/2) pic.twitter.com/twsM39Owrb
— Mahua Moitra (@MahuaMoitra) March 23, 2022
പ്രധാനമന്ത്രി നരേന്ദ്രമോദി 'ഗ്ലാഡിയേറ്ററെ' പോലെയാണെന്നും മഹുവ പരിഹസിച്ചു. "ബി.ജെ.പി പാർലമെന്റിനെ റോമൻ കൊളോസിയമാക്കി മാറ്റി. മോദി സഭയിലേക്ക് വരുമ്പോൾ ബി.ജെ.പി അംഗങ്ങൾ മോദി, മോദി എന്ന് ഒച്ചയും ബഹളവും കൂട്ടുന്നു. ഒരു ഗ്ലാഡിയേറ്ററെപ്പോലെയാണ് മോദി പാർലമെന്റിലേക്ക് വരുന്നത്" മഹുവ പറഞ്ഞു. നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സഭ ആദ്യമായി സമ്മേളിച്ചപ്പോള്‍ ബി.ജെ.പി അംഗങ്ങൾ ഡെസ്കില്‍ തട്ടി മോദി മോദി എന്ന് ഉറക്കെ വിളിച്ച് പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തിരുന്നു. ഈ സംഭവത്തെ പരാമര്‍ശിച്ചാണ് മഹുവയുടെ വിമര്‍ശനം.