India
SDPIinKarnatakaassemblyelections, SDPItocontest100seatsinKarnataka, KarnatakaSDPI, Karnatakaassemblypolls2023
India

കർണാടകയിൽ കരുത്തറിയിക്കാന്‍ എസ്.ഡി.പി.ഐ; 100 സീറ്റിൽ മത്സരിക്കും

Web Desk
|
4 April 2023 6:25 AM GMT

20 ശതമാനത്തിലേറെ മുസ്‌ലിം വോട്ടർമാരുള്ള 65 മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് എസ്.ഡി.പി.ഐ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കുന്നത്

ബംഗളൂരു: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ 100 സീറ്റിൽ മത്സരിക്കാൻ എസ്.ഡി.പി.ഐ. പാർട്ടി കർണാടക ജനറൽ സെക്രട്ടറിയും തെരഞ്ഞെടുപ്പ് ഇൻ ചാർജുമായ അഫ്‌സാർ കുഡ്‌ലികരെയാണ് പ്രഖ്യാപനം നടത്തിയത്. 19 സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുണ്ട്.

കർണാടകയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ സാന്നിധ്യമാണ് എസ്.ഡി.പി.ഐ. ഏറെ കോളിളക്കം സൃഷ്ടിച്ച ഹിജാബ് കേസടക്കം മുസ്‌ലിം വിഷയങ്ങളിൽ സജീവമായി ഇടപെട്ട പാർട്ടി കൂടിയാണ്. അതുകൊണ്ടു തന്നെ എസ്.ഡി.പി.ഐ സജീവമായി മത്സരരംഗത്തെത്തുന്നത് ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിടുന്ന കോൺഗ്രസിനും ജെ.ഡി.എസിനും വലിയ തിരിച്ചടിയാകും. ഇതോടൊപ്പം അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം മൂന്ന് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. 15 സ്ഥാനാർത്ഥികളെ കൂടി ഉടൻ പ്രഖ്യാപിക്കാനിരിക്കുകയാണ് മജ്‌ലിസ്.

പോപുലർ ഫ്രണ്ടിന്റെ നിരോധനത്തിനുശേഷം കർണാടകയിൽ നടക്കുന്ന ആദ്യത്തെ പൊതുതെരഞ്ഞെടുപ്പാണിത്. അതുകൊണ്ടു തന്നെ കൂടുതൽ ആവേശത്തോടെയും വാശിയോടെയുമായിരിക്കും എസ്.ഡി.പി.ഐ ഇത്തവണ തെരഞ്ഞെടുപ്പ് ഗോദയിൽ സജീവമാകുക. ഏപ്രിൽ 10നകം 100 സ്ഥാനാർത്ഥികളുടെ പട്ടിക അന്തിമമാകുമെന്ന് അഫ്‌സാർ അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. വലിയ തോതിൽ സീറ്റ് പിടിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയാണ് മത്സരരംഗത്തിറങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

2018ൽ മൂന്ന് സീറ്റുകളിൽ മാത്രമാണ് പാർട്ടി മത്സരിച്ചിരുന്നത്. മൈസൂരുവിലെ നരസിംഹരാജ, ഗുൽബർഗ ഉത്തര, ബംഗളൂരുവിലെ ചിക്ക്‌പേട്ട് എന്നിവിടങ്ങളിലായിരുന്നു ഇത്. ചെക്ക്‌പേട്ടിലും ഗുൽബർഗയിലും കെട്ടിവച്ച കാഷ് നഷ്ടപ്പെട്ടെങ്കിലും നരസിംഹരാജയിൽ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. 20.5 ശതമാനവുമായി 33,284 വോട്ട് നേടി മൂന്നാം സ്ഥാനത്തായിരുന്നു എസ്.ഡി.പി.ഐ. കോൺഗ്രസ് വിജയിച്ച മണ്ഡലത്തിൽ രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പിക്ക് 44,141 വോട്ടാണ്(27.3 ശതമാനം) ലഭിച്ചത്.

ഇത്തവണ നിയമസഭയിൽ അക്കൗണ്ട് തുറക്കുക തന്നെയാകും എസ്.ഡി.പി.ഐ ലക്ഷ്യമിടുന്നത്. 20 ശതമാനത്തിലേറെ മുസ്‌ലിം വോട്ടർമാരുള്ള 65 മണ്ഡലങ്ങൾ കേന്ദ്രീകരിച്ചാണ് എസ്.ഡി.പി.ഐ തെരഞ്ഞെടുപ്പ് പ്രചാരണം സജീവമാക്കുന്നത്. ഇതോടൊപ്പം മുസ്‌ലിംകൾക്ക് പത്തു മുതൽ 20 വരെ ശതമാനം വോട്ടുള്ള 45 സീറ്റുകൾ വേറെയുമുണ്ട്.

കർണാടകയിൽ ആകെ 224 നിയമസഭാ സീറ്റാണുള്ളത്. മെയ് 10ന് ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് 13ന് ഫലപ്രഖ്യാപനവും നടക്കും.

Summary: SDPI to contest 100 seats in Karnataka assembly elections

Similar Posts