മുദ്രവച്ച കവർ അപകടകരമായ മാതൃക; നീതിന്യായവ്യവസ്ഥയെ ബാധിക്കും-സുപ്രിംകോടതി
|കാരണങ്ങൾ നിരത്തിയുള്ള ഉത്തരവുകളാണ് നീതിന്യായ വ്യവസ്ഥയുടെ മുഖമുദ്ര. എന്നാൽ, മുദ്രവച്ച കവർ വിധിന്യായങ്ങളുടെ നടപടിക്രമങ്ങളെ സൂക്ഷ്മനിരീക്ഷണത്തിന് അതീതമായി നിർത്തുന്നു
ന്യൂഡൽഹി: മുദ്രവച്ച കവർ അപകടകരമായ മാതൃകയാണെന്ന് സുപ്രിംകോടതി. നീതിന്യായ സംവിധാനത്തെ അതു ബാധിക്കുന്നു. വിധിന്യായങ്ങളെ അവ്യക്തവും അതാര്യവുമാക്കിത്തീർക്കുകയും ചെയ്യുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചതായി നിയമ പോർട്ടലായ 'ലൈവ് ലോ' റിപ്പോർട്ട് ചെയ്തു.
സ്വാഭാവിക നീതിയുടെ ലംഘനത്തിനുമിടയാക്കും മുദ്രവച്ച കവറുകളെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമാ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. രാജ്യത്തിന്റെ 50-ാമത് ചീഫ് ജസ്റ്റിസായി ചന്ദ്രചൂഢ് ചുമതലയേൽക്കുന്നതിനുമുൻപാണ് ബെഞ്ചിന്റെ നിരീക്ഷണം. ഒക്ടോബർ 20ന് ഒരു വിധിയിലായിരുന്നു
അസാധാരണമായ സാഹചര്യങ്ങളിൽ തന്ത്രപ്രധാനമായ വിവരങ്ങൾ വെളിപ്പെടുത്താതിരിക്കുന്നത് അതിന്റെ ലക്ഷ്യങ്ങൾക്കനുസരിച്ച് ആനുപാതികമായിരിക്കണം. ഇതൊരു മാതൃകയാകുകയും ചെയ്യരുതെന്നും കോടതി ആവശ്യപ്പെട്ടു.
''മുദ്രവച്ച കവറിലുള്ള പുറത്തുപറയാത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരം കേസുകളിൽ വിധിപറയുന്നത്. ഇതിനാൽ, വിധിക്കെതിരെ ഫലപ്രദമായി നിയമനടപടി സ്വീകരിക്കാനുള്ള പരാതിക്കാരുടെ അവകാശത്തെ അത് ഹനിക്കുകയാണ് ചെയ്യുന്നത്. രണ്ടാമതായി, ഇതു സുതാര്യതയില്ലാത്തതും രഹസ്യാത്മകവുമായൊരു സംസ്‌കാരം പതിവാക്കിത്തീർക്കും.''
ഇത്തരം കേസുകളിൽ പൂർണ അധികാരവും വിധിപറയുന്നവരുടെ കൈയിലായിരിക്കുമെന്നു മാത്രമല്ല, ആ വിവരം കൈവശമുള്ളവർക്ക് അനുകൂലമായ വിധിന്യായത്തിലേക്ക് അതു നയിക്കുകയും ചെയ്യും. കാരണങ്ങൾ നിരത്തിയുള്ള ഉത്തരവുകളാണ് നീതിന്യായ വ്യവസ്ഥയുടെ മുഖമുദ്ര. എന്നാൽ, മുദ്രവച്ച കവർ പരിപാടി വിധിന്യായങ്ങളുടെ നടപടിക്രമങ്ങളെ സൂക്ഷ്മനിരീക്ഷണത്തിന് അതീതമായി നിർത്തുകയും ചെയ്യുമെന്നും കോടതി ചൂണ്ടിക്കാട്ടി.
പെർമനന്റ് കമ്മിഷൻ(പി.സി) നിഷേധത്തിനെതിരായ ഹരജികൾ തള്ളിയ സായുധ സേനാ ട്രിബ്യൂണലിന്റെ ഉത്തരവ് ചോദ്യംചെയ്തുകൊണ്ടുള്ള ഹരജികൾ അനുവദിച്ചുകൊണ്ടായിരുന്നു സുപ്രിംകോടതി ഉത്തരവ്. മുദ്രവച്ച കവർ ചൂണ്ടിക്കാട്ടിയായിരുന്നു ട്രിബ്യൂണൽ ഹരജികൾ തള്ളിയത്. ഇതിനെ ചോദ്യംചെയ്തായിരുന്നു ഹരജിക്കാർ സുപ്രിംകോടതിയെ സമീപിച്ചത്.
Summary: Sealed cover procedure sets a dangerous precedent; affects function of justice delivery system: Supreme Court