അധികൃതർ മോശമായി പെരുമാറി, മനസ് വേദനിപ്പിച്ചു; അർജുനായുള്ള തിരച്ചിൽ അവസാനിപ്പിച്ച് ഈശ്വർ മാൽപെയും സംഘവും മടങ്ങി
|ഈശ്വർ മാൽപെ നടത്തുന്ന സമാന്തര തിരച്ചിൽ അംഗീകരിക്കാനാവില്ലെന്ന് കാർവാർ എംഎൽഎ കുറ്റപ്പെടുത്തി
അങ്കോല: മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ച് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെയും സംഘവും മടങ്ങി. കാർവാർ എസ്.പി നാരായണ മോശമായി പെരുമാറിയെന്നും ഡ്രഡ്ജർ കമ്പനിയുടെ ഭാഗത്തുനിന്നും അനുകൂല സമീപനം ഉണ്ടായില്ലെന്നുമടക്കം ആരോപിച്ചാണ് മടക്കം.
നീ വലിയ ഹീറോ ആകരുത് എന്ന രീതിയിൽ സംസാരിച്ചുവെന്നാണ് ഈശ്വർ മാൽപെ ആരോപിക്കുന്നത്. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ തിരച്ചിലിനിറങ്ങുന്നത് ഹീറോ ആകാൻ വേണ്ടിയല്ലെന്ന് വ്യക്തമാക്കിയ മാൽപെ അധികൃതരുടെ സമീപനം വേദനിപ്പിച്ചെന്നും അതിനാൽ ദൗത്യത്തിൽ നിന്ന് പിന്മാറുകയാണെന്നും വ്യക്തമാക്കി.
സർക്കാർ നടത്തുന്ന തിരച്ചിലിന് സമാന്തരമായി ഈശ്വർ മാൽപെയും സംഘവും തിരച്ചിൽ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ രംഗത്തുവന്നിരുന്നു. ഈശ്വർ മാൽപെയും സംഘവും ജില്ലാ ഭരണകൂടത്തിൻ്റെയും കർണാടക സർക്കാരിൻ്റെയും പ്രവർത്തനങ്ങളെ മോശമാക്കി ചിത്രീകരിക്കുന്നുണ്ടെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മേജർ ഇന്ദ്രബാലൻ്റെ നേതൃത്വത്തിലുള്ള സംഘം നാളെയെത്തുമെന്നും 10 ദിവസത്തേക്ക് തിരച്ചിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമെങ്കിൽ സേനയുടെ കൂടി സഹായം തേടുമെന്നും സതീഷ് സെയിൽ വ്യക്തമാക്കി.
ഡ്രഡ്ജിങ് ഉപയോഗിച്ചുള്ള തിരച്ചിൽ എത്ര ദിവസം വേണമെങ്കിലും തുടരുമെന്ന് കർണാടക ഫിഷറീസ് മന്ത്രി മംഗൾ വൈദ്യ വ്യക്തമാക്കി. പരിശോധനയിൽ ലഭിക്കുന്നത് ടാങ്കർ ലോറിയുടെ ഭാഗങ്ങളാണെന്നും അർജുൻ്റെ ട്രക്കിൻ്റെ ഭാഗങ്ങൾ കണ്ടെത്താൻ ആയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.