India
Former Left Independent MP Sebastian Paul revealed that Pranab Mukherjee offered Rs 25 crore to support the Manmohan Singh government in the trust vote, UPA government, Manmohan Singh government,
India

'വിശ്വാസ വോട്ടെടുപ്പിൽ മൻമോഹൻ സർക്കാരിനെ പിന്തുണയ്ക്കാൻ പ്രണബ് മുഖർജി 25 കോടി വാഗ്ദാനം ചെയ്തു'; വെളിപ്പെടുത്തലുമായി സെബാസ്റ്റ്യൻ പോൾ

Web Desk
|
1 Nov 2024 5:25 AM GMT

ഒന്നാം യുപിഎ സർക്കാരിന്റെ അവസാനകാലത്ത് ഇടതുപക്ഷം പിന്തുണ പിൻവലിച്ച സമയത്താണ് കോഴ വാഗ്ദാനം നടന്നതെന്ന് സെബാസ്റ്റ്യൻ പോൾ

തൃശൂർ: മുൻ ഇന്ത്യൻ രാഷ്ട്രപതിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന പ്രണബ് മുഖർജിക്കെതിരെ ഗുരുതര ആരോപണവുമായി ഇടതു സ്വതന്ത്ര എംപിയായിരുന്ന സെബാസ്റ്റ്യൻ പോൾ. വിശ്വാസവോട്ടെടുപ്പിൽ മൻമോഹൻ സിങ് സർക്കാരിനെ പിന്തുണയ്ക്കാൻ പ്രണബ് 25 കോടി രൂപ വാഗ്ദാനം ചെതെന്നാണു വെളിപ്പെടുത്തൽ. ഓപറേഷൻ സംഘത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് വയലാർ രവിയും ഉണ്ടായിരുന്നതായി സെബാസ്റ്റ്യൻ പോൾ 'മീഡിയവണി'നോട് വെളിപ്പെടുത്തി.

ഒന്നാം യുപിഎ സർക്കാരിന്റെ അവസാനകാലത്ത് ഇടതുപക്ഷം പിന്തുണ പിൻവലിച്ച സമയത്താണ് കോഴ വാഗ്ദാനം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയുമായി ആണവ കരാര്‍ ഒപ്പിട്ടതായിരുന്നു പിന്തുണ പിന്‍വലിക്കാന്‍ കാരണം. വിശ്വാസവോട്ട് തേടണമെന്ന് അന്ന് രാഷ്ട്രപതി നിര്‍ദേശിച്ചു. എന്നാ‍ല്‍, വിശ്വാസ വോട്ടെടുപ്പ് അതിജീവിക്കാന്‍ ആവശ്യമായ എംപിമാര്‍ ഇല്ലായിരുന്നു. അതിന് കുറേ എംപിമാരെ ചാക്കിട്ടുപിടിക്കേണ്ടി വന്നു. പ്രണബ് മുഖര്‍ജിയായിരുന്നു ആ ഓപറേഷന്‍റെ തലവന്‍. അതില്‍ വയലാര്‍ രവിയും അഹ്മദ് പട്ടേലുമെല്ലാം ഉണ്ടായിരുന്നുവെന്ന് സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.

''രണ്ടുപേര്‍ എന്‍റെ വീട്ടില്‍ വന്ന് വിശ്വാസ വോട്ടെടുപ്പിനെ അനുകൂലിക്കണമെന്ന് ആവശ്യപ്പെട്ടു. പിന്തുണ പിൻവലിച്ച സിപിഎമ്മിനും പ്രകാശ് കാരാട്ടിനുമുള്ള രാഷ്ട്രീയ മറുപടിയായിരിക്കും സ്വതന്ത്ര എംപിയായ എന്‍റെ വോട്ട് എന്ന കണക്കുകൂട്ടലിലായിരുന്നു. അന്ന് സ്റ്റിങ് ഓപറേഷന്‍ നടക്കുന്ന സമയം ആയതിനാല്‍ ആ സംശയമായിരുന്നു എനിക്ക്. കോഴ വാഗ്ദാനത്തിനു വഴങ്ങുകയും ചെയ്തിരുന്നില്ല.

പക്ഷേ, അടുത്ത ദിവസം പാര്‍ലമെന്‍റ് സെന്‍ട്രല്‍ ഹാളില്‍ വച്ച് അന്ന് പാര്‍ലമെന്‍ററികാര്യ മന്ത്രി കൂടിയായ വയലാര്‍ രവി അബദ്ധം പറ്റിയതാണെന്ന് സമ്മതിച്ചു. സ്വതന്ത്രനെന്നു കണ്ടപ്പോള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തതാണ്. ഇനി ആരും സമീപിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.''

അന്നതു വലിയ വിഷയമാക്കിയിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ പുതിയ രാഷ്ട്രീയ വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണു വെളിപ്പെടുത്തണമെന്നു തോന്നിയത്. സർക്കാരിന് അനുകൂലമായി വോട്ട് ചെയ്യാൻ ആവശ്യപ്പെട്ട് വേറെയും എംപിമാർക്ക് കോടികൾ വാഗ്ദാനം ചെയ്തിരുന്നു. ചിലരോട് വോട്ടെടുപ്പിൽനിന്നു വിട്ടുനിൽക്കാനാണ് ആവശ്യപ്പെട്ടിരുന്നതെന്നും സെബാസ്റ്റ്യൻ പോൾ ആരോപിച്ചു.

Summary: Former Left Independent MP Sebastian Paul revealed that Pranab Mukherjee offered Rs 25 crore to support the Manmohan Singh government in trust vote

Similar Posts