ജമ്മു കശ്‌മീരിലെ സോപ്പോറില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു
|കിഷ്ത്വാറില്‍ ഗ്രാമങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്ന രണ്ട് വില്ലേജ് ഡിഫന്‍സ് ഗാര്‍ഡുകളെ ഭീകരര്‍ വധിച്ചതില്‍ പ്രതിഷേധം ശക്തമാണ്
ഡൽഹി: ജമ്മു കശ്‌മീരിരിലെ സോപ്പോറില്‍ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. വന്‍ ആയുധശേഖരവും പിടിച്ചെടുത്തു. മേഖലയിൽ ഏറ്റുമുട്ടലും തിരച്ചിലും തുടരുകയാണ്.. അതിനിടെ, കിഷ്ത്വാറില്‍ ഗ്രാമങ്ങള്‍ക്ക് കാവല്‍ നില്‍ക്കുന്ന രണ്ട് വില്ലേജ് ഡിഫന്‍സ് ഗാര്‍ഡുകളെ ഭീകരര്‍ വധിച്ചതില്‍ പ്രതിഷേധം ശക്തമാണ്. കിഷ്ത്വാറില്‍ സനാതന്‍ ധര്‍മ സഭ എന്ന സംഘടന ബന്ദ് പ്രഖ്യാപിച്ചു. പ്രതിഷേധം തണുപ്പിക്കാൻ ഡിജിപിയോട് ഉടൻ കിഷ്ത്വാറിൽ എത്താൻ ലഫ്. ഗവർണർ മനോജ് സിൻഹ നിർദേശം നൽകി.
കിഷ്ത്വാർ ജില്ലയിൽ വ്യാഴാഴ്‌ച വൈകുന്നേരമാണ് രണ്ട് വില്ലേജ് ഡിഫൻസ് ഗ്രൂപ്പ് (വിഡിജി) അംഗങ്ങളെ ഭീകരർ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. 'കശ്മീർ കടുവകൾ' എന്ന് വിളിക്കപ്പെടുന്ന ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടനയുടെ ഒരു വിഭാഗം ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്.
മൃതദേഹങ്ങളുടെ ഫോട്ടോയും ഭീകരർ പുറത്തുവിട്ടിരുന്നു. കണ്ണുകെട്ടിയ നിലയിലാണ് മൃതദേഹങ്ങളുള്ളത്. ഒഹ്ലി കുന്ത്വാര ഗ്രാമത്തിലെ താമസക്കാരായ നസീർ അഹമ്മദ്, കുൽദീപ് കുമാർ എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
നസീറും കുൽദീപും കന്നുകാലികളെ മേയ്ക്കാൻ കാട്ടിൽ പോയിരുന്ന സമയത്താണ് ഭീകരർ തട്ടിക്കൊണ്ടുപോയത്. ലഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ, മുഖ്യമന്ത്രി ഒമർ അബ്ദുള്ള എന്നിവർ കൊലപാതകത്തെ അപലപിച്ചു. 'വീരമൃത്യു വരിച്ച ധീരരായ പുത്രന്മാരുടെ കുടുംബങ്ങളോട് ഞാൻ എൻ്റെ ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നു. എല്ലാ തീവ്രവാദ സംഘടനകളെയും നശിപ്പിക്കാനും ഈ നിഷ്ഠൂരമായ പ്രവൃത്തിക്ക് പ്രതികാരം ചെയ്യാനും ഞങ്ങൾ ഉറച്ചു തീരുമാനിച്ചു. ' ലഫ്റ്റനൻ്റ് ഗവർണർ എക്‌സിൽ കുറിച്ചു.