India
ലിഫ്റ്റിൽ കുടുങ്ങിയപ്പോൾ രക്ഷിച്ച സെക്യൂരിറ്റി ജീവനക്കാരന് യുവാവിന്റെ മർദനം; കേസ്
India

ലിഫ്റ്റിൽ കുടുങ്ങിയപ്പോൾ രക്ഷിച്ച സെക്യൂരിറ്റി ജീവനക്കാരന് യുവാവിന്റെ മർദനം; കേസ്

Web Desk
|
30 Aug 2022 4:06 AM GMT

സംഭവത്തിൽ പ്രതിഷേധിച്ച് ജോലി നിർത്തിയ സെക്യൂരിറ്റി ജീവനക്കാർ സമരം തുടങ്ങി. വരുണിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം എന്നാണ് ഇവരുടെ ആവശ്യം.

ന്യൂഡൽഹി: ലിഫ്റ്റിൽ കുടുങ്ങിയപ്പോൾ ഓടിവന്ന് മിനിറ്റുകൾക്കകം പുറത്തെത്തിക്കാൻ സഹായിച്ച സെക്യൂരിറ്റി ജീവനക്കാരന് യുവാവിന്റെ മർദനം. ഡൽഹിയിലെ ​ഗുരു​ഗ്രാമിലാണ് സംഭവം. നിർവാണ കൺട്രി കോളനിലെ ക്ലോസ് നോർത്ത് സൊസൈറ്റിയിലെ താമസക്കാരനായ വരുൺ നാഥ് എന്നയാളാണ് സെക്യൂരിറ്റി ജീവനക്കാരനായ അശോകിനെ മർദിച്ചത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

സംഭവത്തിൽ ​ഗുരു​ഗ്രാം പൊലീസ് യുവാവിനെതിരെ കേസെടുത്തു. 14ാം നിലയിൽ നിന്ന് താഴേക്ക് വന്നപ്പോഴായിരുന്നു സംഭവം. പെട്ടെന്ന് ലിഫ്റ്റ് തകരാറിലാവുകയും നിൽക്കുകയും ചെയ്തു. ഇതോടെ ഇതിനകത്തുള്ള ഇന്റർകോമിൽ നിന്ന് വരുൺ നാഥ് സെക്യൂരിറ്റി ജീവനക്കാരനെ സഹായത്തിനായി വിളിച്ചു.

ഇതനുസരിച്ച് ലിഫ്റ്റ് ഓപറേറ്ററുമായി സെക്യൂരിറ്റി ജീവനക്കാരൻ ഉടനടി അവിടെയെത്തുകയും ചെയ്തു മൂന്നു നാലു മിനിറ്റുകൾക്കു ശേഷം ലിഫ്റ്റ് തുറക്കുകയും യുവാവ് പുറത്തെത്തുകയും ചെയ്തു. ഇതിനു പിന്നാലെയായിരുന്നു അടി. ലിഫ്റ്റിൽ കുടുങ്ങിയതിന്റെ ദേഷ്യത്തിന്, തന്നെ സഹായിച്ച സെക്യൂരിറ്റി ജീവനക്കാരനെ വരുൺ പലതവണ മുഖത്തടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

തുടർന്ന് ലിഫ്റ്റ് ഓപറേറ്ററേയും മർദിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ജോലി നിർത്തിയ സെക്യൂരിറ്റി ജീവനക്കാർ സമരം തുടങ്ങി. വരുണിനെതിരെ ശക്തമായ നടപടി സ്വീകരിക്കണം എന്നാണ് ഇവരുടെ ആവശ്യം.

'ഫ്ലാറ്റിലെ താമസക്കാർക്കു വേണ്ടി രാപകൽ സേവനം ചെയ്യുന്നവരാണ് തങ്ങൾ. എന്നാൽ ചില താമസക്കാർ തങ്ങളെ അടിമകളെ പോലെയാണ് കാണുന്നത്. ഇത് അനുവദിക്കാനാവില്ല'- അവർ പറഞ്ഞു. 'ഞാനവിടെ ഓടിയെത്തുകയും മൂന്നു നാലു മിനിറ്റുകൾക്കകം അയാളെ പുറത്തെത്തിക്കുകയും ചെയ്തു. എന്നാൽ പുറത്തിറങ്ങിയ ഉടൻ അയാളെന്നെ തല്ലാൻ തുടങ്ങുകയായിരുന്നു'- അശോക് പറഞ്ഞു.

സംഭവത്തിൽ അശോകിന്റെ പരാതിയിൽ വരുണിനെതിരെ ഐപിസി 323, 506 എന്നീ വകുപ്പുകൾ ചുമത്തിയാണ് ​ഗുരു​ഗ്രാം പൊലീസ് കേസെടുത്തത്.



Similar Posts