ജോലി ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടി യുവാവ്
|ഗാസിപൂർ സ്വദേശിയായ കൃഷ്ണകുമാർ എന്ന യുവാവാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിയത്.
ലഖ്‌നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യാത്രക്കിടെ സുരക്ഷാവീഴ്ച. ജോലി ആവശ്യപ്പെട്ട് യുവാവ് വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു. വാരണാസിയിലെ രുദ്രാക്ഷ് സെന്ററിന് മുന്നിൽ പ്രധാനമന്ത്രി വിമാനത്താവളത്തിലേക്ക് പോകുമ്പോഴാണ് സംഭവം.
ഗാസിപൂർ സ്വദേശിയായ കൃഷ്ണകുമാർ എന്ന യുവാവാണ് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടിയത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം എത്താനായി ഇയാൾ ഒരു മണിക്കൂറോളം കാത്തിരുന്നുവെന്ന് 'ഹിന്ദുസ്ഥാൻ ടൈംസ്' റിപ്പോർട്ട് ചെയ്തു. സംഭവം നടക്കുമ്പോൾ ഇയാളുടെ കയ്യിൽ ഒരു ഫയലുണ്ടായിരുന്നു. സൈന്യത്തിൽ ചേരുന്നതിനായി ഫിസിക്കൽ ടെസ്റ്റ് പാസായെങ്കിലും മെഡിക്കൽ ടെസ്റ്റ് പാസാകാൻ കഴിഞ്ഞിരുന്നില്ല. പ്രധാനമന്ത്രിയെ നേരിട്ട് കണ്ട് തന്റെ പ്രശ്‌നം അവതരിപ്പിക്കാനാണ് എത്തിയതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
വാരണാസിയിലെത്തിയ പ്രധാനമന്ത്രി നഗരത്തിൽ പുതുതായി നിർമിക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിന് തറക്കല്ലിട്ടിരുന്നു. 2025 ഡിസംബറിൽ സ്റ്റേഡിയത്തിന്റെ പണി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യു.പിയിലെ മൂന്നാമത്തെ സ്റ്റേഡിയമാണ് വാരണാസിയിൽ നിർമിക്കുന്നത്. കാൺപൂർ, ലഖ്‌നോ നഗരങ്ങളിലാണ് നിലവിൽ യു.പിയിൽ ക്രിക്കറ്റ് സ്റ്റേഡിയങ്ങളുള്ളത്.