ഇന്ത്യയിലെത്തിയ പാകിസ്താനി യുവതി സീമാ ഹൈദർ ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാവുമെന്ന് റിപ്പോർട്ട്
|പബ്ജി ഗെയിം വഴി മൊട്ടിട്ട പ്രണയത്തിനൊടുവിൽ നോയിഡ സ്വദേശിയും കാമുകനുമായ സച്ചിനൊപ്പം(22) ജീവിക്കാനായാണ് സീമ ഹൈദർ അനധികൃതമായി ഇന്ത്യയിലെത്തിയത്.
മുംബൈ: ഇന്ത്യയിലെത്തിയ പാകിസ്താനി യുവതി സീമാ ഹൈദർ അടുത്ത വർഷം നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാവുമെന്ന് റിപ്പോർട്ട്. കേന്ദ്രമന്ത്രിയും എൻ.ഡി.എ ഘടകകക്ഷി റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതാവുമായ രാംദാസ് അത്തവാലെയാണ് മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് സീമാ ഹൈദറിനെ സമീപിച്ചത്. സീമ ഓഫർ സ്വീകരിച്ചുവെന്നാണ് വിവരം.
സീമയെ റിപ്പബ്ലിക്കൻ പാർട്ടിയുടെ വനിതാ വിഭാഗത്തിന്റെ അധ്യക്ഷയാക്കുമെന്നും പാർട്ടി വക്താവായി നിയമിക്കുമെന്നും റിപ്പോർട്ടുണ്ട്. പാകിസ്താനിൽനിന്ന് ഇന്ത്യയിലെത്തിയ സീമക്ക് സുരക്ഷാ ഏജൻസികൾ ക്ലീൻ ചിറ്റ് നൽകിയാൽ അവരെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുമെന്ന് റിപ്പബ്ലിക്കൻ പാർട്ടി ദേശീയ വൈസ് പ്രസിഡന്റ് മസൂം കിഷോർ പറഞ്ഞു.
പബ്ജി ഗെയിം വഴി മൊട്ടിട്ട പ്രണയത്തിനൊടുവിൽ നോയിഡ സ്വദേശിയും കാമുകനുമായ സച്ചിനൊപ്പം(22) ജീവിക്കാനായാണ് സീമ ഹൈദർ അനധികൃതമായി ഇന്ത്യയിലെത്തിയത്. ഒന്നരമാസം മുമ്പ് നാലുകുട്ടികളുമായാണ് ഇവർ നേപ്പാൾ അതിർത്തിവഴി ഇന്ത്യയിൽ പ്രവേശിച്ചത്. തുടർന്ന് സച്ചിനൊപ്പം നോയിഡയിലെ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു. ഇതിനിടെ സച്ചിനെ നിയമപരമായി വിവാഹം കഴിക്കാനുള്ള മാർഗങ്ങൾ തേടിയതോടെയാണ് സീമ പാകിസ്താൻ സ്വദേശിയാണെന്നും അനധികൃതമായാണ് ഇന്ത്യയിൽ താമസിക്കുന്നതെന്നും വ്യക്തമായത്. സീമയെയും ഇവരെ അനധികൃതമായി താമസിപ്പിച്ചതിന് കാമുകനായ സച്ചിനെയും പോലീസ് അറസ്റ്റ് ചെയ്തെങ്കിലും ഇവർക്ക് പിന്നീട് ജാമ്യം ലഭിച്ചു. നിലവിൽ സച്ചിനൊപ്പമാണ് സീമയും നാലുകുട്ടികളും താമസിക്കുന്നത്.
അതിനിടെ സീമക്ക് സിനിമയിൽ അഭിനയിക്കാനും അവസരം ലഭിച്ചിരുന്നു. 'ജാനി ഫയർഫോക്സ്' നിർമിക്കുന്ന 'എ ടെയ്ലർ മർഡർ സ്റ്റോറി' എന്ന സിനിമയിലാണ് സീമയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്. ഈ സിനിമയിൽ 'റോ' ഉദ്യോഗസ്ഥയായാണ് സീമ വേഷമിടുന്നതെന്നാണ് റിപ്പോർട്ട്. സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജാനി ഫയർഫോക്സ് സംഘം സീമ ഹൈദറിനെയും ഭർത്താവ് സച്ചിനെയും നേരിട്ടുകണ്ടു സംസാരിച്ചതായും റിപ്പോർട്ടുകളിൽ പറയുന്നു.