'ലൈല-മജ്നു പോലെ': ഇന്ത്യൻ പൗരത്വത്തിനായി രാഷ്ട്രപതിയെ സമീപിച്ച് സീമ ഹൈദർ
|'ഗായകൻ അദ്നാൻ സാമിക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചു. അക്ഷയ് കുമാറിന് കനേഡിയൻ പൗരത്വമുണ്ടെങ്കിലും ഇന്ത്യയിലാണ് താമസിക്കുന്നത്'
ഡല്‍ഹി: ഇന്ത്യന്‍ പൗരത്വം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയച്ച് പാക് യുവതി സീമ ഹൈദര്‍. പബ്ജി കളിച്ച് പരിചയപ്പെട്ട യുവാവിനെ തേടി അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയതാണ് സീമ ഹൈദര്‍. ഗ്രേറ്റര്‍ നോയിഡ സ്വദേശിയായ സച്ചിന് മീണയെ വിവാഹം ചെയ്തെന്നും ഇന്ത്യയില്‍ തുടരാന്‍ അനുവദിക്കണമെന്നുമാണ് സീമയുടെ ആവശ്യം.
അഭിഭാഷകനായ എ.പി സിങ് മുഖേനയാണ് സീമ ഹൈദര്‍ അപേക്ഷ നല്‍കിയത്. ഇന്ത്യന്‍ സംസ്കാരം പറയുന്നത് ജീവിക്കുകയും ജീവിക്കാൻ അനുവദിക്കുകയും ചെയ്യുക, വസുധൈവ കുടുംബകം എന്നതാണ്. അതിനാല്‍ സീമയെ ഭർത്താവിന്റെ വീട്ടിൽ താമസിക്കാൻ അനുവദിക്കണമെന്ന് എ.പി സിങ് ആവശ്യപ്പെട്ടു.
നേപ്പാളിൽ വെച്ച് സച്ചിനെ വിവാഹം കഴിക്കുന്നതിന് മുമ്പ് താൻ സ്വന്തം ഇഷ്ടപ്രകാരം ഹിന്ദുമതത്തിലേക്ക് മാറിയെന്ന് സീമ ഹരജിയിൽ പറയുന്നു- "ഇന്ത്യയിലേക്ക് വരാൻ വിസ ലഭിച്ചില്ല. തുടർന്നാണ് നേപ്പാളിലെത്തിയത്. ഹിന്ദുമതത്തിലേക്ക് മാറി. മാര്‍ച്ച് 13ന് കാഠ്മണ്ഡുവിലെ ക്ഷേത്രമായ ഭഗവാൻ പശുപതി നാഥ് മന്ദിറിൽ വെച്ച് ഹിന്ദു ആചാരപ്രകാരം സച്ചിൻ മീണയെ വിവാഹം കഴിച്ചു". സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം സാധുവായി കണക്കാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
തന്നെ കള്ളക്കേസിൽ കുടുക്കാൻ പൊതു, രാഷ്ട്രീയ, മാധ്യമ സമ്മർദം ഉണ്ടായിട്ടുണ്ടെന്ന് ഹരജിക്കാരി ആരോപിച്ചു. ജനാധിപത്യത്തിന്റെ സംസ്കാരം വളരണമെങ്കിൽ എല്ലാവർക്കും നീതി ലഭിക്കണം. പക്ഷപാതരഹിതമായ അന്വേഷണം എല്ലാവർക്കും നീതി ലഭ്യമാക്കുന്നതിന് അനിവാര്യമാണെന്നും ഹരജിയില്‍ പറയുന്നു.
തന്റെ വാദത്തെ സാധൂകരിക്കാന്‍ ബോളിവുഡ് സെലിബ്രിറ്റികളെ അഭിഭാഷകന് ചൂണ്ടിക്കാട്ടി. ദീര്‍ഘകാലം ഇന്ത്യയില്‍ താമസിച്ച ഗായകൻ അദ്നാൻ സാമിക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചു. ഇന്ത്യ ഇരട്ട പൗരത്വം നൽകാത്തതിനാൽ ഇന്ത്യയിൽ വോട്ട് ചെയ്യാൻ കഴിയില്ലെന്ന് നടി ആലിയ ഭട്ട് പറഞ്ഞിട്ടുണ്ട്. അക്ഷയ് കുമാറിന് കനേഡിയൻ പൗരത്വമുണ്ടെങ്കിലും അദ്ദേഹം ഇത്രയും കാലം ഇന്ത്യയിലാണ് താമസിക്കുന്നതെന്നും അഭിഭാഷകന് ചൂണ്ടിക്കാട്ടി.
'പ്രണയം അന്ധ'മാണെന്ന് പറയുന്നതുപോലെ ഭര്‍ത്താവിനോടുള്ള അളവറ്റ സ്നേഹം കൊണ്ടാണ് സീമ ഹൈദര്‍ ഇന്ത്യയിലേക്ക് വന്നതെന്ന് ഹരജിയില്‍ പറയുന്നു. ലൈല-മജ്നു, ഹീർ-രഞ്ജ, ഷിറിൻ-ഫർഹാദ് എന്നിവരുടെ സ്നേഹം പോലെ ഈ സ്നേഹവും ലോകചരിത്രത്തില്‍ ഓര്‍മിക്കപ്പെടും. ബേഠി ബച്ചാവോ ബേഠി പഠാവോ, സബ്കാ സാത്ത് സബ്കാ വികാസ് തുടങ്ങിയ മുദ്രാവാക്യങ്ങളുള്ള ഇന്ത്യയിൽ അന്തസ്സോടെ ജീവിതം നയിക്കാൻ ഹരജിക്കാരന് കഴിയുമെന്നും ഹരജിയില്‍ പറയുന്നു.