India
Seema Haider

സീമ ഹൈദറും സച്ചിന്‍ മീണയും

India

പബ്ജി പ്രണയം; യുവതി പാകിസ്താനിലേക്ക് മടങ്ങിയില്ലെങ്കില്‍ മുംബൈ മോഡല്‍ ആക്രമണമെന്ന് ഭീഷണി

Web Desk
|
15 July 2023 2:08 AM GMT

സീമ ഹൈദർ തിരിച്ചെത്തിയില്ലെങ്കിൽ, ഇന്ത്യ വലിയ നാശത്തെ അഭിമുഖീകരിക്കും

നോയിഡ: പബ്ജി കളിക്കുന്നതിനിടെ പ്രണയത്തിലായ കാമുകനെ കാണാന്‍ ഇന്ത്യയിലെത്തിയ പാക് യുവതി ജന്‍മനാട്ടിലേക്ക് മടങ്ങിപ്പോയില്ലെങ്കില്‍ മുംബൈ മോഡല്‍ ആക്രമണമുണ്ടാകുമെന്ന് പൊലീസിന് ഭീഷണി സന്ദേശം. സീമ ഹൈദർ തിരിച്ചെത്തിയില്ലെങ്കിൽ, ഇന്ത്യ വലിയ നാശത്തെ അഭിമുഖീകരിക്കുമെന്നാണ് മുംബൈ ട്രാഫിക് കൺട്രോൾ റൂമിലേക്ക് ഉറുദു ഭാഷയിൽ സംസാരിക്കുന്ന അജ്ഞാതന്‍റെ ഭീഷണി ഫോൺ സന്ദേശം.

‘സീമ ഹൈദർ തിരിച്ചെത്തിയില്ലെങ്കിൽ, ഇന്ത്യ വലിയ നാശത്തെ അഭിമുഖീകരിക്കും. 26/11 മുംബൈ ഭീകരാക്രമണ സംഭവത്തിന് സമാനമായ ആക്രമണത്തിന് എല്ലാവരും തയ്യാറാകണം. അതിന്റെ ഉത്തരവാദിത്തം ഉത്തർപ്രദേശ് സർക്കാരിനായിരിക്കും,’ എന്ന് സന്ദേശത്തിൽ പറയുന്നു. സംഭവത്തിൽ മുംബൈ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിവരികയാണ്.

സീമയും കാമുകന്‍ സച്ചിനും താമസിക്കുന്ന റബുപുരയിലെ വീടിന് ചുറ്റും മാധ്യമങ്ങളും സോഷ്യൽ മീഡിയക്കാരും ഉൾപ്പെടെയുള്ള തിങ്ങിനിറഞ്ഞതോടെ ജാഗ്രതയിലാണ് യുപി പൊലീസ്. സച്ചിനൊപ്പം കഴിയാൻ ഹിന്ദുമതത്തിലേക്ക് മാറുന്നതിനെക്കുറിച്ച് സംസാരിച്ചതിന് ശേഷം സീമയ്‌ക്കെതിരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ആശങ്ക പ്രകടിപ്പിച്ചു. ആള്‍ക്കൂട്ടത്തിന്‍റെ ഭാഗമായി നിന്നുകൊാണ്ടോ മാധ്യമപ്രവര്‍ത്തകരുടെ വേഷത്തിലോ എത്തി സീമക്കെതിരെ മാരകമായ മാരകമായ ആക്രമണം നടത്തിയേക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി.സുരക്ഷ ആവശ്യപ്പെട്ട് സീമയിൽ നിന്നോ സച്ചിൽ നിന്നോ ഔപചാരികമായ അഭ്യർത്ഥന ഉണ്ടായിട്ടില്ലെങ്കിലും സീമയുടെയും സച്ചിന്റെയും വീട്ടിൽ പൊലീസ് നിരന്തര നിരീക്ഷണം നടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ ഇന്ത്യ ടുഡേയോട് പറഞ്ഞു. റബുപുരയിലെ വീടിന് ചുറ്റും യൂണിഫോമിലും മഫ്തിയിലും പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

എന്നാൽ, വെള്ളിയാഴ്ച സച്ചിനും കുടുംബവും സീമയ്‌ക്കെതിരായ ആക്രമണ സാധ്യതയെക്കുറിച്ച് ലോക്കൽ പോലീസിനെ അറിയിച്ചതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു.മുൻകരുതൽ നടപടിയെന്ന നിലയിൽ സച്ചിന്‍റെ കുടുംബം മാധ്യമപ്രവർത്തകർ ഉൾപ്പെടെ വീട്ടിൽ എത്തുന്നവരിൽ നിന്ന് തിരിച്ചറിയൽ രേഖകൾ ആവശ്യപ്പെടാൻ തുടങ്ങിയിട്ടുണ്ട്.സീമയുടെ ഭാവിയെക്കുറിച്ചുള്ള അന്തിമ തീരുമാനം വിദേശകാര്യ മന്ത്രാലയത്തിനും കേന്ദ്ര സർക്കാരിനുമാണെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു.സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് സീമ പറയുന്നത്. സീമയെ തന്നോടൊപ്പം താമസിക്കാൻ അനുവദിക്കണമെന്ന് സച്ചിൻ മീണയും സർക്കാരിനോട് അഭ്യർത്ഥിച്ചിരുന്നു.

നേപ്പാളിലെ കാഠ്മണ്ഡുവിൽ വച്ചാണ് സീമയും സച്ചിനും ആദ്യമായി കണ്ടുമുട്ടുന്നത്.അവിടെ വച്ച രഹസ്യമായി വിവാഹം ചെയ്യുകയും ചെയ്തു. പിന്നീട് പാകിസ്താനിലേക്ക് മടങ്ങിയ സീമ അവിടെയുണ്ടായിരുന്ന സ്ഥലം വിറ്റ് 12 ലക്ഷം രൂപ സ്വരൂപിക്കുകയും വിമാന ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെയ്തതായി ദി പ്രിന്‍റ് റിപ്പോര്‍ട്ട് ചെയ്തു. മേയ് മാസത്തിലാണ് നാലു മക്കളുമായി സീമ ഡല്‍ഹിയിലെത്തിയത്. പലചരക്കുകടക്കാരനാണ് 23 കാരനായ സച്ചിന്‍. നോയിഡ രാബുപുരയില്‍ ദമ്പതിമാരെന്ന വ്യാജേന വീട് വാടകയ്ക്കെടുത്താണ് ഇരുവരും കഴിയുകയായിരുന്നു. ഒരു മാസം കഴിഞ്ഞപ്പോള്‍ നിയമപരമായി വിവാഹം കഴിക്കാന്‍ തീരുമാനിച്ച് അഭിഭാഷകനെ സമീപിച്ചതോടെയാണ് സംഭവം പുറംലോകമറിയുന്നത്. അനധികൃതമായി ഇന്ത്യയില്‍ പ്രവേശിച്ചതിന് ജൂലൈ 4നാണ് സീമയെ അറസ്റ്റ് ചെയ്തത്. യുവതിക്ക് അഭയം നല്‍കിയതിന് സച്ചിനും പിടിയിലായി. പിന്നീട് ഇവര്‍ക്ക് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.

Similar Posts