India
Jairam Ramesh

ജയറാ രമേശ്

India

സ്വയം പ്രകീർത്തിക്കുന്ന സ്വേച്ഛാധിപതി പ്രധാനമന്ത്രി പുതിയ പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്തു: പരിഹാസവുമായി കോണ്‍ഗ്രസ്

Web Desk
|
28 May 2023 5:18 AM GMT

പുതിയ പാർലമെന്‍റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമർപ്പിച്ചു

ഡല്‍ഹി: പുതിയ പാർലമെന്‍റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രത്തിന് സമർപ്പിച്ചു. സ്പീക്കറുടെ ഇരിപ്പിടത്തിനരികെ പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിച്ചു. ഒന്നാം ഘട്ട ഉദ്ഘാടന ചടങ്ങുകൾ അവസാനിച്ചു. 20 പ്രതിപക്ഷ പാർട്ടികൾ ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിന്നു.ഞായറാഴ്ച രാവിലെയാണ് പ്രധാനമന്ത്രി മോദി പുതിയ പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്തത്. സ്വയം പ്രകീർത്തിക്കുന്ന സ്വേച്ഛാധിപതി പ്രധാനമന്ത്രി പുതിയ പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്തെന്ന് കോണ്‍ഗ്രസ് പരിഹസിച്ചു.


"ഈ ദിവസം, മേയ് 28, ഇന്ത്യയിൽ പാർലമെന്‍ററി ജനാധിപത്യത്തെ പരിപോഷിപ്പിക്കാൻ ഏറ്റവും കൂടുതൽ പരിശ്രമിച്ച വ്യക്തിയായ നെഹ്രു 1964ല്‍ അന്തരിച്ചു. മഹാത്മാഗാന്ധിയുടെ കൊലപാതകത്തിലേക്ക് നയിച്ച പ്രത്യയശാസ്ത്ര ആവാസവ്യവസ്ഥയുടെ വ്യക്തിത്വമായ സവർക്കർ 1883 മേയ് 28നാണ് ജനിച്ചത്.'' കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് ട്വീറ്റ് ചെയ്തു. ഈ ദിവസം ആദ്യ ഗോത്രവനിത രാഷ്ട്രപതി ദ്രൗപതി മുർമുവിന് ഭരണഘടനാപരമായ ചുമതലകൾ നിറവേറ്റാനും പുതിയ പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യാനും അനുവാദമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. "പാർലമെന്‍റിന്‍റെ നടപടിക്രമങ്ങളോട് തികഞ്ഞ അവജ്ഞയോടെ സ്വയം മഹത്വപ്പെടുത്തുന്ന സ്വേച്ഛാധിപത്യ പ്രധാനമന്ത്രി, അപൂർവ്വമായി പാർലമെന്‍റില്‍ പങ്കെടുക്കുകയോ അതിൽ ഏർപ്പെടുകയോ ചെയ്യുന്ന പ്രധാനമന്ത്രി, 2023 ൽ പുതിയ പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യുന്നു," അദ്ദേഹം കുറിച്ചു.



ഒരാളുടെ ഈഗോ മൂലം രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന്‍റെ ഭരണഘടനാപരമായ അവകാശം നിഷേധിക്കപ്പെട്ടുവെന്ന് ജയറാം രമേശ് നേരത്തെ പറഞ്ഞിരുന്നു. ''റാഞ്ചിയിലെ ജാർഖണ്ഡ് ഹൈക്കോടതി സമുച്ചയത്തിൽ രാജ്യത്തെ ഏറ്റവും വലിയ ജുഡീഷ്യൽ കാമ്പസ് രാഷ്ട്രപതി ദ്രൗപതി മുർമു ഉദ്ഘാടനം ചെയ്തു.മേയ് 28 ന് ന്യൂഡൽഹിയിൽ പുതിയ പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്യാനുള്ള ഭരണഘടനാപരമായ അവകാശം ആദ്യ ഗോത്ര വനിത രാഷ്ട്രപതിക്ക് നിഷേധിച്ചത് ഒരു പുരുഷന്‍റെ അഹങ്കാരവും സ്വയം പ്രമോഷനുള്ള ആഗ്രഹവുമാണ്. '' എന്നായിരുന്നു ജയറാം രമേശിന്‍റെ ട്വീറ്റ്.

Similar Posts