India
Arvind Kejriwal

സുനിത/അരവിന്ദ് കെജ്‍രിവാള്‍

India

'നിങ്ങളുടെ ഓരോ സന്ദേശവും അദ്ദേഹത്തിനടുത്തെത്തും'; കെജ്‍രിവാളിന് പിന്തുണ അറിയിക്കാന്‍ വാട്സാപ് നമ്പർ പുറത്തുവിട്ട് സുനിത കെജ്‍രിവാള്‍

Web Desk
|
29 March 2024 7:28 AM GMT

കെജ്‌രിവാളിൻ്റെ മോചനത്തിനായി നിരാഹാരമിരിക്കുന്നതായി പലരും തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്നും സുനിത പറഞ്ഞു

ഡല്‍ഹി:ജയിലില്‍ കഴിയുന്ന അരവിന്ദ് കെജ്‍രിവാളിന് പിന്തുണയും പ്രാർഥനയും പങ്കുവെക്കാൻ വാട്സാപ് നമ്പർ പുറത്തുവിട്ട് കെജ്‍രിവാളിന്‍റെ ഭാര്യ സുനിത കെജ്‍രിവാള്‍. കെജ്‍രിവാള്‍ കോ ആശിർവാദ് എന്ന കാമ്പയിൻ വഴി പൊതുജനങ്ങൾക്ക് കെജ്‍രിവാളിന് പിന്തുണ അറിയിക്കാം. വാട്സാപ്പ് വഴിയാണ് കാമ്പയിനെന്നും സുനിത പറഞ്ഞു. 8297324624 എന്ന നമ്പറിലേക്ക് സന്ദേശങ്ങൾ അയക്കാമെന്ന് സുനിത കൂട്ടിച്ചേര്‍ത്തു.

കെജ്‌രിവാളിൻ്റെ മോചനത്തിനായി നിരാഹാരമിരിക്കുന്നതായി പലരും തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്നും അവർ പറഞ്ഞു."ഇങ്ങനെയാണ് ആളുകൾ അദ്ദേഹത്തെ സ്നേഹിക്കുന്നത്. നിങ്ങൾക്ക് പറയാനുള്ളത് ഞങ്ങൾക്ക് അയക്കുക. നിങ്ങളുടെ ഓരോ സന്ദേശവും അദ്ദേഹത്തിന്‍റെ അടുത്തെത്തും. അവ വായിക്കുന്നത് അദ്ദേഹം ഇഷ്ടപ്പെടും. അദ്ദേഹത്തിന് കത്തെഴുതാൻ നിങ്ങൾ ആം ആദ്മി പാർട്ടിക്കാരനാകേണ്ടതില്ല," സുനിത പറഞ്ഞു.

കെജ്‍രിവാളിന്‍റെ ആരോഗ്യനില മോശമാണെന്ന് കഴിഞ്ഞ ദിവസം സുനിത വെളിപ്പെടുത്തിയിരുന്നു. ഇ.ഡി കസ്റ്റഡിയിൽ അദ്ദേഹം പീഡിപ്പിക്കപ്പെടുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് തനിക്ക് വലിയ ആശങ്കയുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു. വ്യാഴാഴ്ച ഡല്‍ഹിയിലെ റോസ് അവന്യൂ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കെജ്‍രിവാളിനെ സുനിത കണ്ടിരുന്നു. അതേസമയം കെജ്‍രിവാളിന്‍റെ കസ്റ്റഡി കാലാവധി ഏപ്രില്‍ 1 വരെ നീട്ടിയിട്ടുണ്ട്.

ഡല്‍ഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21നാണ് കെജ്‍രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്യുന്നത്. കെജ്‍രിവാളിനെ ഇ.ഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കേസിലെ മറ്റ് പ്രതികള്‍ക്കൊപ്പമിരുത്തി കെജ്‍രിവാളിനെ ചോദ്യം ചെയ്യാനാണ് ഇ.ഡി തീരുമാനം.ഗോവ ആം ആദ്മി പാർട്ടി സംസ്ഥാന അധ്യക്ഷൻ അമിത് പലേക്കർ ഉൾപ്പെടെ 2 പേരെ ഇ.ഡി ഇന്നലെ ചോദ്യം ചെയ്തിരുന്നു.പ്രാഥമിക ചോദ്യം ചെയ്യലിൽ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലെ പാർട്ടിയുടെ ചെലവുകളുടെ വിശദാംശങ്ങളെക്കുറിച്ചും ഇ.ഡി ചോദിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തെ ബാങ്ക് അക്കൗണ്ട് ഇടപാടുകളുടെ വിശദാംശങ്ങൾ നൽകാൻ നേതാക്കളോട് ഇ. ഡി ആവശ്യപെട്ടു.മദ്യം അഴിമതിയിലൂടെ ലഭിച്ച പണം ഗോവയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചുവെന്നും ഗോവയിലെ സ്ഥാനാർഥികൾ അടക്കം ഇതിൽ പങ്കുണ്ടെന്നും ഇ.ഡി കോടതിയിൽ ആരോപിച്ചിരുന്നു.

Similar Posts