പുതിയ പാർലമെന്റിൽ സ്പീക്കറുടെ സീറ്റിന് സമീപം ചെങ്കോൽ സ്ഥാപിക്കും: അമിത് ഷാ
|ചെങ്കോൽ നമ്മുടെ പാരമ്പര്യത്തിന്റെ ഭാഗമാണെന്നും അതിനെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും അമിത് ഷാ പറഞ്ഞു.
ന്യൂഡൽഹി: പുതിയ പാർലമെന്റിൽ അധികാര മുദ്രയായി ചെങ്കോൽ സ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സ്പീക്കറുടെ സീറ്റിന് സമീപമാണ് ചരിത്രപ്രധാന്യമുള്ള സ്വർണ ചെങ്കോൽ സ്ഥാപിക്കുക. ഈ ചെങ്കോൽ ബ്രിട്ടീഷുകാരിൽനിന്ന് ഇന്ത്യൻ നേതാക്കൾക്ക് അധികാരം കൈമാറുന്നതിന്റെ ചിഹ്നമായി ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന് കൈമാറിയതാണെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
തമിഴ് പാരമ്പര്യത്തിൽനിന്നാണ് ചെങ്കോൽ അധികാര കൈമാറ്റത്തിന്റെ പ്രതീകമായി മാറിയത്. ഇന്ത്യ സ്വതന്ത്രമായപ്പോൾ അധികാര കൈമാറ്റത്തിന്റെ പ്രതീകമായി എന്ത് ചെയ്യുമെന്ന് അവസാന വൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റൻ പ്രഭു നെഹ്റുവിനോട് ചോദിച്ചു. അദ്ദേഹം അവസാന ഗവർണർ ജനറലായിരുന്ന സി. രാജഗോപാലാചാരിയോട് ഇതിനെക്കുറിച്ച് ആരാഞ്ഞു.
രാജാജിയെന്ന് അറിയപ്പെട്ടിരുന്ന രാജഗോപാലാചാരിയാണ് പുതിയ രാജാവ് അധികാരമേൽക്കുമ്പോൾ മുതിർന്ന പുരോഹിതൻ അധികാരത്തിന്റെ ചിഹ്നമായി ചെങ്കോൽ കൈമാറുന്ന രീതിയെക്കുറിച്ച് പറഞ്ഞത്. ചോള രാജാക്കൻമാരുടെ കാലത്ത് നിലനിന്നിരുന്ന ഈ രീതി സ്വീകരിക്കാമെന്നാണ് രാജാജിയാണ് നെഹ്റുവിനെ ഉപദേശിച്ചത്.
ചെങ്കോൽ നിർമിക്കാനുള്ള ഉത്തരവാദിത്തം നെഹ്റു രാജാജിയെയാണ് ഏൽപ്പിച്ചത്. അദ്ദേഹം തമിഴ്നാട്ടിലെ തിരുവടുതുരൈ അഥീനം എന്ന മഠവുമായി ബന്ധപ്പെട്ട് ചെങ്കോൽ നിർമിച്ചു നൽകാൻ അഭ്യർഥിച്ചു. മഠാധിപതി ഈ ദൗത്യം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ മദ്രാസിലെ ജ്വല്ലറി ഉടമയായ വമ്മിദി ബംഗാരു ചെട്ടിയാണ് ചെങ്കോൽ നിർമിച്ചത്.
നമ്മുടെ സാംസ്കാരിക പാരമ്പര്യവും ആധുനികതയും തമ്മിൽ ബന്ധിപ്പിക്കുന്നതിനാണ് ചെങ്കോൽ സ്ഥാപിക്കുന്നതെന്ന് അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീർഘദർശനത്തെ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ തീരുമാനം. ചെങ്കോലിനെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.