India
phone cheating

പ്രതീകാത്മക ചിത്രം

India

വിവാഹ വാഗ്ദാനം നല്‍കി തട്ടിപ്പ്; 75കാരിക്ക് നഷ്ടമായത് 12 ലക്ഷം രൂപ

Web Desk
|
26 Jun 2023 3:52 AM GMT

ദാദറില്‍ നിന്നുള്ള 75കാരിയെയാണ് സംഘം കബളിപ്പിച്ചത്

മുംബൈ: വിവാഹവാഗ്ദാനം നല്‍കി വയോധികയെ കബളിപ്പിച്ച സംഭവത്തില്‍ നൈജീരിയൻ സൈബർ തട്ടിപ്പ് സംഘത്തിലെ രണ്ട് പേരെ മാതുംഗ പൊലീസ് അറസ്റ്റ് ചെയ്തു. മണിപ്പൂര്‍ സ്വദേശികളായ തിൻഗ്യോ റിംഗ്‌ഫാമി ഫെയ്‌റേ (26), സോളൻ തോട്ടംഗമല അങ്കാങ് (22) എന്നിവരെ അസമിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഗുണ്ടാസംഘം നടത്തുന്ന നൈജീരിയക്കാരെ പൊലീസ് തിരയുകയാണ്.

ദാദറില്‍ നിന്നുള്ള 75കാരിയെയാണ് സംഘം കബളിപ്പിച്ചത്. ദാദറിലെ ഫൈവ് ഗാർഡൻസിൽ താമസിക്കുന്ന അവിവാഹിതയായ സ്ത്രീ പങ്കാളിയെ തേടുന്നുണ്ടായിരുന്നു. ജര്‍മ്മന്‍ പൗരനെന്ന് സ്വയം പരിചയപ്പെടുത്തിയയാൾ വയോധികക്ക് വാട്‌സ്ആപ്പില്‍ സന്ദേശം അയച്ചു. അന്താരാഷ്ട്ര നമ്പറില്‍ നിന്നാണ് ഇവര്‍ക്ക് സന്ദേശം ലഭിച്ചത്. തനിക്ക് ഭാര്യയില്ലെന്നും വയോധികയെ വിവാഹം കഴിക്കാന്‍ താത്പര്യമുണ്ടെന്നുമായിരുന്നു സന്ദേശം. ധനികനാണെന്നും ഉടന്‍ മുംബൈയിലേക്ക് വരുമെന്നും അപ്പോള്‍ വിവാഹം കഴിക്കാമെന്നും ഇയാള്‍ സ്ത്രീയോട് പറഞ്ഞതായി സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ദീപക് ചവാന്‍ പറഞ്ഞു. വാട്‌സ്ആപ്പ് ചാറ്റിലൂടെ പരിചയം വളര്‍ന്നതോടെയായിരുന്നു തട്ടിപ്പ്.

വിലപിടിപ്പുള്ള സമ്മാനങ്ങള്‍ അയച്ചിട്ടുണ്ടെന്ന് ഇയാള്‍ വയോധികയോട് പറഞ്ഞു. അടുത്തദിവസം കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നാണെന്നും പാഴ്സല്‍ നല്‍കണമെങ്കില്‍ 3.85 ലക്ഷം രൂപ കസ്റ്റംസ് ഡ്യൂട്ടിയായി നല്‍കണമെന്നും പറഞ്ഞ് മറ്റൊരു കോള്‍ ഇവര്‍ക്ക് വന്നു. പണം നല്‍കിയെങ്കിലും ഇവര്‍ക്ക് സമ്മാനം ലഭിച്ചില്ല. പിന്നീട് പല കാരണങ്ങള്‍ പറഞ്ഞ് ഇയാള്‍ വയോധികയില്‍നിന്ന് പണം വാങ്ങി.പിന്നീട് ജര്‍മ്മന്‍കാരനെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ കോള്‍ എടുത്തില്ല. ഇതോടെയാണ് വയോധിക പരാതിയുമായി പൊലീസിനെ സമീപിച്ചത്.

Related Tags :
Similar Posts