ഗദ്ദറിന്‍റെ സംസ്കാരച്ചടങ്ങിനിടെ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ സഹീറുദ്ദീൻ അലി ഖാന്‍ കുഴഞ്ഞുവീണു മരിച്ചു
|തിങ്കളാഴ്ച വൈകിട്ട് വിപ്ലവ ഗായകന്‍ ഗദ്ദറിന്‍റെ സംസ്കാരചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു
ഹൈദരാബാദ്: പ്രമുഖ മാധ്യമപ്രവര്‍ത്തകനും ദി സിയാസത്ത് ഡെയ്‍ലി ദിനപത്രത്തിന്‍റെ മാനേജിംഗ് എഡിറ്ററുമായ സഹീറുദ്ദീൻ അലി ഖാന്‍(63) അന്തരിച്ചു. തിങ്കളാഴ്ച വൈകിട്ട് വിപ്ലവ ഗായകന്‍ ഗദ്ദറിന്‍റെ സംസ്കാരചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം.
സെക്കന്താരാബാദില്‍ വച്ചാണ് ഗദ്ദറിന്‍റെ സംസ്കാര ചടങ്ങുകള്‍ നടന്നത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം അൽവാലിലെ ലാൽ ബഹാദൂർ സ്റ്റേഡിയത്തിൽ നിന്ന് മഹാബോധി വിദ്യാലയത്തിലേക്ക് നടന്ന ഗദ്ദറിന്‍റെ വിലാപയാത്രയിൽ ഖാന്‍ പങ്കെടുത്തിരുന്നു. ഇതിനിടെ അലിഖാന് അസ്വസ്ഥത അനുഭവപ്പെട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. പിന്നീട് റോഡില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചുവെന്ന് ഒരു കുടുംബാംഗം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഭാരത് രാഷ്ട്ര സമിതി അധ്യക്ഷനും തെലങ്കാന മുഖ്യമന്ത്രിയുമായ കെ ചന്ദ്രശേഖർ റാവുവും ഗദ്ദറിന്‍റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുത്തിരുന്നു.
സിയാസത്ത് ദിനപത്രവുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് വെബ്‌സൈറ്റായ സിയാസത്ത് ഡോട്ട് കോമിന്റെ എഡിറ്റർ കൂടിയായിരുന്ന ഖാൻ ഗദ്ദറുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. ഞായറാഴ്ച ഗദ്ദറിന്‍റെ വിയോഗവാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ ഖാന്‍ അവരുടെ കുടുംബത്തോടൊപ്പം ഉണ്ടായിരുന്നു. പത്രപ്രവർത്തകർ സഹീർ ഭായ് എന്ന് വിളിക്കുന്ന അലി ഖാന്‍ ഒരു പണ്ഡിതന്‍ കൂടിയായിരുന്നു.
ഞായറാഴ്ചയാണ് മുൻ നക്‌സലൈറ്റും വിപ്ലവകവിയും നാടോടി ഗായകനുമായ ഗദ്ദർ അന്തരിച്ചത്. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ദീർഘകാലമായി അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.1980കളിൽ തന്നെ മാവോയിസ്റ്റ്, നക്‌സലൈറ്റ് പ്രസ്ഥാനങ്ങളിൽ സജീവമായിരുന്നു ഗദ്ദർ എന്ന പേരിൽ അറിയപ്പെടുന്ന ഗുമ്മഡി വിത്തൽ റാവു.