ടി.ഡി.പി നേതാവും വ്യവസായിയുമായ അലി മസ്ഖാത്തി കോൺഗ്രസിൽ ചേർന്നു
|ടി.ഡി.പി സംസ്ഥാന വൈസ് പ്രസിഡന്റും പ്രമുഖ വ്യവസായിയുമാണ് അലി ബിൻ ഇബ്രാഹിം മസ്ഖാത്തി
ഹൈദരാബാദ്: തെലുഗു ദേശം പാർട്ടിയുടെ(ടി.ഡി.പി) മുതിർന്ന നേതാവും പ്രമുഖ വ്യവസായിയുമായ അലി ബിൻ ഇബ്രാഹിം മസ്ഖാത്തി കോൺഗ്രസിൽ ചേർന്നു. ഹൈദരാബാദിൽ നടക്കുന്ന കോൺഗ്രസ് പ്രവർത്തക സമിതിക്കിടെയാണ് പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിൽ പാർട്ടി അംഗത്വമെടുത്തത്. നിയമസഭാ തെരഞ്ഞെടുപ്പ് വിളിപ്പാടകലെ എത്തിനിൽക്കെയാണ് സംസ്ഥാനത്തെ പ്രമുഖനായ മുസ്‌ലിം നേതാവിനെ കോൺഗ്രസ് പാർട്ടിയിലെത്തിച്ചത്.
തെലങ്കാന കോൺഗ്രസിലെ മുസ്‌ലിം നേതാക്കൾക്കൊപ്പമാണ് യോഗം നടക്കുന്ന വേദിയിൽ അലി മസ്ഖാത്തി എത്തിയത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, തെലങ്കാന പി.സി.സി തലവൻ എ. രേവന്ത് റെഡ്ഡി, മുൻ മന്ത്രി ഷബ്ബീർ അലി എന്നിവർ ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഈ വർഷം അവസാനത്തിൽ നടക്കുന്ന തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ അലി മസ്ഖാത്തിക്ക് കോൺഗ്രസ് സീറ്റ് നൽകുമെന്നാണു വിവരം. ഹൈദരാബാദ് ഓൾഡ് സിറ്റിയിലെ മണ്ഡലങ്ങളിൽ ഒന്നിലാകും അദ്ദേഹത്തെ മത്സരിപ്പിക്കുക. ചാർമിനാർ സീറ്റ് നൽകിയേക്കുമെന്നാണു വിവരം.
ഹൈദരാബാദ് ഓൾഡ് സിറ്റിയിൽ വലിയ സ്വാധീനമുള്ള കുടുംബമാണ് മസ്ഖാത്തി. പ്രാദേശിക രാഷ്ട്രീയത്തിലും കുടുംബം സജീവമാണ്. അലി മസ്ഖാത്തിയുടെ പിതാവ് ഇബ്രാഹിം ബിൻ അബ്ദുല്ല മസ്ഖാത്തി രണ്ടു തവണ എ.ഐ.എം.ഐ.എം എം.എൽ.എയായിരുന്നു. 2015ലാണ് അദ്ദേഹം അന്തരിച്ചത്. പഴയ എം.ഐ.എം എം.എൽ.എയായിരുന്ന അലി മസ്ഖാത്തി 2002ലാണ് ടി.ഡി.പിയിൽ ചേരുന്നത്. പാർട്ടി ടിക്കറ്റിൽ ആന്ധ്രപ്രദേശ് എം.എൽ.സിയുമായി. ഉറുദു അക്കാദമി ചെയർമാനുമായിരുന്നു. നിലവിൽ ടി.ഡി.പി സംസ്ഥാന വൈസ് പ്രസിഡന്റാണ്. മസ്ഖാത്തി ഡയറി പ്രോഡക്ട്സ് എം.ഡിയുമാണ് അദ്ദേഹം.
Summary: Senior TDP leader and businessman Ali Masqati joins Congress