India
Senthil Balaji

സെന്തില്‍ ബാലാജി

India

വകുപ്പില്ലാമന്ത്രിയായി എട്ടുമാസം; ഒടുവില്‍ സെന്തില്‍ ബാലാജി രാജിവച്ചു

Web Desk
|
13 Feb 2024 3:58 AM GMT

ജയിലിലാണെങ്കിലും കഴിഞ്ഞ എട്ടുമാസമായി വകുപ്പില്ലാ മന്ത്രിയായി സ്റ്റാലിന്‍ മന്ത്രിസഭയില്‍ തുടരുകയായിരുന്നു

ചെന്നൈ: കള്ളപ്പണം വെളുപ്പിക്കില്‍ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന തമിഴ്നാട് മന്ത്രി സെന്തില്‍ ബാലാജി രാജിവച്ചു. ജയിലിലാണെങ്കിലും കഴിഞ്ഞ എട്ടുമാസമായി വകുപ്പില്ലാ മന്ത്രിയായി സ്റ്റാലിന്‍ മന്ത്രിസഭയില്‍ തുടരുകയായിരുന്നു. വൈദ്യുതി,എക്സൈസ് വകുപ്പുകളുടെ ചുമതല വഹിച്ചിരുന്ന സെന്തിലിനെ 2023 ജൂണ്‍ 14നാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. ഇ.ഡി അറസ്റ്റ് ചെയ്തതിനു ശേഷവും മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സെന്തില്‍ ബാലാജിയെ വകുപ്പില്ലാതെ മന്ത്രിയായി നിലനിർത്തിയിരുന്നു.

2011 മുതൽ 2015 വരെ ജയലളിത സർക്കാരിൽ ഗതാഗത മന്ത്രിയായിരിക്കെ നിയമനങ്ങൾക്കായി കോഴ വാങ്ങിയെന്നാണ് സെന്തിൽ ബാലാജിക്ക് എതിരെയുള്ള ആരോപണം.ഉദ്യോഗസ്ഥരുമായി ചേർന്ന് സെന്തിൽ ബാലാജി ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നു. ജോലിക്ക് അപേക്ഷിച്ച ഉദ്യോഗാർഥികളുടെ മാർക്കിൽ കൃത്രിമം നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്നും ഇ.ഡിയുടെ റിപ്പോര്‍ട്ടിലുണ്ട്.

മന്ത്രിയുടെ അടുത്ത സഹായികളായ ബി.ഷൺമുഖം, എം.കാർത്തികേയൻ എന്നിവരാണ് ഇടപാടുകൾ നടത്തിയതെന്ന് ഇ.ഡി ആരോപിക്കുന്നു. ബാലാജിയുടെ പേഴ്സണൽ അസിസ്റ്റന്റ് പണം വാങ്ങിയെന്നാണ് പരാതിക്കാരുടെ മൊഴി. സെന്തിൽ ബാലാജിയുടെ അക്കൗണ്ടിൽ 1.34 കോടി രൂപയും അദ്ദേഹത്തിന്റെ ഭാര്യയുടെ അക്കൗണ്ടിൽ 29.55 ലക്ഷം രൂപയും നിക്ഷേപിച്ചെന്ന് ബാങ്ക് സ്റ്റേറ്റ്മെന്റുകളുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Similar Posts