ഇന്ത്യയില്‍ ബൂസ്റ്റര്‍ ഡോസ് അനുവദിക്കുമോ? അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്
|കോവിഷീൽഡ് വാക്സിൻ ആവശ്യത്തിനുണ്ടെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട്
കോവിഡിന്‍റെ പുതിയ വകഭേദമായ ഒമിക്രോൺ കണ്ടെത്തിയ സാഹചര്യത്തില്‍ ബൂസ്റ്റർ ഡോസിന് അനുമതി തേടി സെറം ഇൻസ്റ്റിറ്റ്യൂട്ട്. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡിസിജിഐ)യോടാണ് അനുമതി തേടിയത്. കോവിഷീൽഡ് വാക്സിൻ ആവശ്യത്തിനുണ്ടെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.
പല രാജ്യങ്ങളും ഇതിനകം ജനങ്ങള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കിത്തുടങ്ങി. രണ്ട് ഡോസ് വാക്സിനെടുത്ത, രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ ബൂസ്റ്റര്‍ ഡോസിനെ കുറിച്ച് ചോദിക്കുന്നുണ്ടെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ പറഞ്ഞു. കോവിഡ് പുതിയ വകഭേദത്തിന്‍റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ക്ക് പ്രതിരോധം ഉറപ്പാക്കേണ്ടതുണ്ടെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ചൂണ്ടിക്കാട്ടി. ബൂസ്റ്റര്‍ ഡോസ് ആവശ്യമാണോ എന്നത് സംബന്ധിച്ച് വിദഗ്ധ സമിതി ശാസ്ത്രീയ പരിശോധനകള്‍ നടത്തുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ പറഞ്ഞു.
അതിനിടെ ഒമിക്രോൺ വകഭേദത്തിനെതിരായ പ്രതിരോധ നടപടികൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാനങ്ങളുടെ യോഗം വിളിച്ചു. വിമാനത്താവളങ്ങളിലെയും തുറമുഖങ്ങളിലെയും പരിശോധനകളും നിയന്ത്രണങ്ങളും യോഗം വിലയിരുത്തും. കഴിഞ്ഞ ദിവസം പ്രാബല്യത്തിൽ വന്ന വിദേശയാത്രക്കാർക്കുള്ള പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങൾ സംസ്ഥാനങ്ങൾ കൃത്യമായി നടപ്പിലാക്കുന്നുണ്ടോയെന്ന് യോഗം ചർച്ച ചെയ്യും.
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 3500 യാത്രക്കാരാണ് ഹൈറിസ്ക് രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് എത്തിയത്. ഇവരിൽ 6 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ സാംപിളുകൾ ജനിതക ശ്രേണീകരണത്തിനായി അയക്കുകയും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. മറ്റു യാത്രക്കാരുടെ ആർടിപിസിആർ പരിശോധനാ ഫലം നെഗറ്റീവ് ആയതിന്റെ അടിസ്ഥാനത്തിൽ വീടുകളില്‍ നിരീക്ഷണത്തിലാക്കി.