'സർക്കാർ പരിപാടികളിൽ വെജിറ്റേറിയൻ ഭക്ഷണം മാത്രം'; നിർദേശവുമായി അസം മുഖ്യമന്ത്രി
|മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി ബന്ധപ്പെട്ട അകമ്പടി വാഹനങ്ങളുടെ എണ്ണവും വെട്ടിക്കുറക്കുമെന്നും ഹിമന്ത ബിശ്വ ശർമ്മ
ഗുവാഹത്തി: സർക്കാറിന്റെ ഔദ്യോഗിക യോഗങ്ങളിൽ സസ്യാഹാരം മാത്രമേ നൽകാവൂവെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ഗുവാഹത്തിയിൽ ചേർന്ന ഡെപ്യൂട്ടി കമ്മീഷണർമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി പുതിയ തീരുമാനം അറിയിച്ചത്. എല്ലാ ഔദ്യോഗിക യോഗങ്ങളിലും ലഘുസസ്യാഹാരം മാത്രം നൽകണമെന്നും അസം മുഖ്യമന്ത്രി അറിയിച്ചു.
എന്നാൽ സംസ്ഥാനത്തെത്തുന്ന അതിഥികൾക്ക് ഈ നിർദേശം ബാധകമാകില്ല. വിഐപി സംസ്‌കാരം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സർക്കാർ പരിപാടികൾ ലളിതമാക്കാനും തീരുമാനമായിട്ടുണ്ട്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ സുരക്ഷയുടെ ഭാഗമായി ബന്ധപ്പെട്ട അകമ്പടി വാഹനങ്ങളുടെ എണ്ണവും വെട്ടിക്കുറക്കും. മുഖ്യമന്ത്രിയുടയോ പൊലീസ് സൂപ്രണ്ടിന്റെയോ സന്ദർശന വേളയിൽ 10 കാറുകളിൽ കൂടുതൽ ഉണ്ടാകരുതെന്നും മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
നികുതിദായകരുടെ പണം ഉപയോഗിച്ച് സർക്കാർ ഉദ്യോഗസ്ഥരുടെ വൈദ്യുതി ബില്ലുകൾ അടയ്ക്കുന്ന വിഐപി സംസ്കാര നിയമം അവസാനിപ്പിക്കുമെന്ന് നേരത്തെ ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കിയിരുന്നു. ജൂലൈ ഒന്നുമുതല്‍ താനും ചീഫ് സെക്രട്ടറിയും വൈദ്യുതി ബില്ലുകള്‍ അടക്കുമെന്നും ഇത് മാതൃകയാക്കി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെല്ലാം സ്വന്തം വൈദ്യുതി ബില്ലുകള്‍ അടക്കണമെന്നും എക്സില്‍ പങ്കുവെച്ച പോസ്റ്റിലൂടെ നിര്‍ദേശിച്ചിരുന്നു.