പ്രകാശ് അംബേദ്ക്കർ സഖ്യത്തിലേക്കില്ല; മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സഖ്യത്തിന് തിരിച്ചടി
|കോൺഗ്രസ് ആവശ്യപ്പെട്ട സാംഗ്ലി സീറ്റിലും ഉദ്ധവ് താക്കറേ വിഭാഗം സ്ഥാനാർഥിയെ പ്രഖ്യാപിച്ചു
മുംബൈ: മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സഖ്യത്തിന് തിരിച്ചടി.പ്രകാശ് അംബേദ്ക്കർ മഹാവികാസ് അഘാഡി സഖ്യത്തിലേക്കില്ല. ശിവസേന ഉദ്ധവ് താക്കറേ വിഭാഗവും വഞ്ചിത് ബഹുജൻ അഘാഡിയും ആദ്യഘട്ട സ്ഥാനാർഥിപ്പട്ടിക പുറത്തിറക്കി. കോൺഗ്രസ് ആവശ്യപ്പെട്ട സാംഗ്ലി സീറ്റിലും ഉദ്ധവ് താക്കറേ വിഭാഗം സ്ഥാനാർഥിയെ പ്രഖ്യാപിച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിൽ 16 സീറ്റുകൾ വേണമെന്നായിരുന്നു പ്രകാശ് അംബേദ്കറിന്റെ ആവശ്യം എന്നാല്‍ നാലു സീറ്റുകൾ മാത്രം നൽകാൻ സാധിക്കു എന്നായിരുന്നു മഹാ വികാസ് അഘാഡി സഖ്യത്തിന്റെ നിലപാട്.സീറ്റുവിഭജന ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് ഒറ്റക്ക് മത്സരിക്കാൻ പ്രകാശ് അംബേദ്കറുടെ വഞ്ചിത് ബഹുജന്‍ അഘാടി തീരുമാനിച്ചത്.തുടർന്ന് വഞ്ചിത് ബഹുജൻ അഘാഡി 8 സ്ഥാനാർഥികളുടെ ആദ്യഘട്ട പട്ടിക പുറത്തുവിട്ടു.
മഹാരാഷ്ട്രയിലെ അകോളയിൽ പ്രകാശ് അംബേദ്ക്കർ മത്സരിക്കും.കോൺഗ്രസിന്‍റെ ഏക സിറ്റിങ് സീറ്റായ ചന്ദ്രാപുരിലും വിബിഎ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. അതേസമയം നാഗ്പുരിൽ കോൺഗ്രസിന് പിന്തുണ നൽകുമെന്നും പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുജന്‍ അഘാടി പ്രഖ്യാപിച്ചു.അതിനിടെ ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാർഥി പട്ടിക ശിവസേന ഉദ്ധവ് താക്കറേ വിഭാഗവും പുറത്തുവിട്ടു.മുതിർന്ന നേതാവ് അനിൽ ദേശായി, മുൻ കേന്ദ്രമന്ത്രി അനന്ത് ഗീതെ അടക്കം 17 പേരാണ് ആദ്യ ഘട്ട പട്ടികയിൽ ഇടംപിടിച്ചത്.അനിൽ ദേശായി മുംബൈ സൗത്ത് സെൻട്രലിൽനിന്ന് മത്സരിക്കും. അനന്ത് ഗീതെ റായ്ഗഢിൽ നിന്നും അരവിന്ദ് സാവന്ത് മുംബൈ സൗത്തിൽനിന്നും ജനവിധി തേടും. ആകെ 22 സീറ്റുകളിലാണ് ശിവസേന ഉദ്ധവ് താക്കറേ വിഭാഗം മത്സരിക്കുക. പരമ്പരാഗതമായി കോൺഗ്രസ് മത്സരിക്കുന്ന മണ്ഡലമായ സാംഗ്ലി ലോക്‌സഭാ സീറ്റിലേക്കും ഉദ്ധവ് താക്കറേ വിഭാഗം സ്ഥാനാർഥിയെ പ്രഖ്യാപിച്ചത് കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അതൃപ്തിയാണ് ഉള്ളത്.